
പാലക്കാട്: നാളികേര വില കുത്തനെ കുറഞ്ഞു, ജില്ലയിലെ കേരകർഷകർ ദുരിതത്തിൽ. പച്ചത്തേങ്ങ കിലോയ്ക്ക് 10 രൂപയും കൊപ്രയ്ക്കു 17 രൂപയുമാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കുറഞ്ഞത്. ഒരു കിലോ പച്ചത്തേങ്ങയ്ക്കു 35 രൂപ വരെ വില ലഭിച്ചിരുന്നത് ഇപ്പോൾ 25 രൂപയായി കുറഞ്ഞു. കിലോയ്ക്ക് 130 രൂപ വിലയുണ്ടായിരുന്ന കൊപ്രയ്ക്കു ഇപ്പോൾ 113 രൂപയാണ് വില. സർക്കാർ കൃഷി വകുപ്പ് മുഖേന കിലോയ്ക്ക് 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നാളിതുവരെ നടപടിയൊന്നും ആയില്ല. തേങ്ങയ്ക്ക് ന്യായമായ താങ്ങുവില നിശ്ചയിച്ച് സർക്കാർ ഏജൻസികൾ നാളികേര സംഭരണം നടത്താത്തതിനാൽ കർഷകരും കച്ചവടക്കാരും ദുരിതത്തിലാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് തേങ്ങ കൂടുതലായി എത്തുന്നതാണ് വിലയിടിവിനുള്ള മറ്റൊരു കാരണം. വളത്തിന്റെ വില വർദ്ധനവും പണിക്കൂലിയും വർദ്ധിച്ചതോടെ ലാഭമില്ലെന്ന് മാത്രമല്ല, നഷ്ടം ഏറെയാണെന്നും കർഷകർ പറയുന്നു.
നിലവിൽ ഒരു നാളികേരം 8 മുതൽ 10 രൂപയ്ക്കാണ് കച്ചവടക്കാർ കർഷകരിൽ നിന്ന് എടുക്കുന്നത്. അത് വിപണിയിലെത്തുമ്പോൾ 20 രൂപയാകും. കർഷകർ സ്വന്തം നിലയ്ക്ക് തേങ്ങ പൊതിച്ച് നൽകിയാൽ കിലോയ്ക്ക് 25 രൂപ ലഭിക്കും. മാർക്കറ്റിൽ കിലോയ്ക്ക് 40 - 45 രൂപയാണ് കച്ചവടക്കാർ ഈടാക്കുന്നത്. പച്ചത്തേങ്ങ സംഭരണത്തിനായി സർക്കാർ സഹായത്താൽ പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മകളോ നാളികേര ഉത്പാദക സംഘങ്ങളോ ഇല്ലാത്തതിനാൽ സ്വകാര്യ കച്ചവടക്കാരിൽ അഭയംതേടേണ്ട ഗതികേടിലാണ് ജില്ലയിലെ കേരകർഷകർ. കേന്ദ്ര നാളികേര വികസന ബോർഡും സംസ്ഥാന കൃഷിവകുപ്പും ആരംഭിച്ച നീര പദ്ധതിയും അവതാള ത്തിലാണ്. കൃഷിഭവനുകൾ വഴി പച്ചത്തേങ്ങ സംഭരണം ആരംഭിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വെളിച്ചെണ്ണ വിലയ്ക്ക് കുറവില്ല
കൊപ്രയ്ക്കു വില കുറഞ്ഞെങ്കിലും അതുപയോഗിച്ച് ഉണ്ടാക്കുന്ന വെളിച്ചെണ്ണയ്ക്ക് ഒരു രൂപ പോലും കുറഞ്ഞിട്ടില്ല. പ്രമുഖ കമ്പനികളുടെ എണ്ണയെല്ലാം നേരത്തെയുണ്ടായിരുന്ന അതേ വിലയ്ക്കാണ് ഇപ്പോഴും വിൽക്കുന്നത്. ചില ബ്രാൻഡഡ് വെളിച്ചെണ്ണയ്ക്കു ലിറ്ററിന് 240 രൂപ വരെയുണ്ട്. നാടൻ വെളിച്ചെണ്ണയ്ക്കു ലീറ്ററിന് 220 രൂപയും.
ഒരു കിലോ പച്ചത്തേങ്ങയ്ക്ക് - 25 രൂപ
കൊപ്ര കിലോയ്ക്ക് - 113 രൂപ