
പാലക്കാട്: എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിനെ പിതാവിന്റെ കൺമുന്നിലിട്ട് കൊലപ്പെടുത്തിയതിന് കണക്കുതീർക്കാൻ ജില്ലയിലെ യുവനേതാവിനെ പിന്തുടർന്നതായി സൂചന. നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള യുവനേതാവിനെയാണ് അക്രമിസംഘം ഉന്നമിട്ടത്. ഈ വിവരം നേതാവിനെ കൊടുങ്ങല്ലൂരിൽ നിന്നുള്ള ഒരാൾ മൊബൈലിൽ വിളിച്ചറിയിച്ചിരുന്നു. ഉടൻ തന്നെ പാർട്ടി നേതൃത്വത്തെയും പൊലീസിനെയും അറിയിച്ചെന്നാണ് പറയുന്നത്. സുബൈർ കൊല്ലപ്പെട്ട രാത്രി ഒരുസംഘം ആളുകൾ യുവനേതാവിനെ പിന്തുടർന്നതായും പറയുന്നു.
പഴയ ഇരുചക്രവാഹന ഇടപാടു നടത്തുന്ന നഗരത്തിലെ സംഘപരിവാർ ബന്ധമുള്ള ചിലരെയും വിളിച്ചുവരുത്താനുള്ള ശ്രമമുണ്ടായി. എൻഫീൽഡ് ബുള്ളറ്റ് വേണമെന്ന് പറഞ്ഞ് ആർ.എസ്.എസിന്റെ നഗരത്തിന്റെ ചുമതലയുള്ളയാൾക്കാണ് ഫോൺ വന്നത്. കൈവശമുണ്ടായിരുന്ന വണ്ടി പഞ്ചറായതിനാൽ അദ്ദേഹം പോയില്ല. പിന്നീട് വണ്ടിക്കുവേണ്ടി വിളിച്ചതുമില്ല. ഈ ശ്രമങ്ങളെല്ലാം പാഴായതിന് പിന്നാലെയാണ് കൊലയാളികൾ ശ്രീനിവാസനിലേക്ക് എത്തിയതെന്നാണ് കരുതുന്നത്.
അഞ്ചുവർഷമായി സജീവ രാഷ്ട്രീയം വിട്ട് പാർട്ടി ചുമതലകളെല്ലാം ഒഴിഞ്ഞ് ബിസിനസും കുടുംബവുമായി കഴിഞ്ഞയാളാണ് കൊല്ലപ്പെട്ട ശ്രീനിവാസൻ. 11 മണികഴിഞ്ഞാണ് ശ്രീനിവാസൻ എസ്.കെ.എസ് എന്ന തന്റെ സ്ഥാപനം തുറക്കുന്നതെന്ന് മനസിലാക്കിയാണ് അക്രമികൾ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.