kayaking

തൃത്താല: സാഹസിക വിനോദസഞ്ചാരികളുടെ ഇഷ്ടവിനോദമായ കയാക്കിംഗ് വെള്ളിയാങ്കല്ലിൽ ഉടൻ ആരംഭിക്കും. പുഴയിൽ കയാക്കിംഗ് നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള തടസങ്ങൾ മറികടന്ന് പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് സ്പീക്കറും തൃത്താല എം.എൽ.എയുമായ എം.ബി. രാജേഷ് അറിയിച്ചതോടെ പ്രതീക്ഷകൾ വാനോളമാണ്.
2021 സെപ്തംബറിൽ വെള്ളിയാങ്കല്ലിൽ ജില്ലയിലെ ആദ്യത്തെ ദ്വിദിന കയാക്കിംഗ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ട് വൻ വിജയവുമായിരുന്നു. ഡി.ടി.പി.സി സഹകരണത്തോടെ നാല് മണിക്കാറ്റ് കയാക്കിംഗ് വാട്ടർ സ്‌പോർട്സ് ക്ലബ്ബ് ചാവക്കാടിന്റെ നേതൃത്വത്തിലാണ് അന്ന് വെള്ളിയാങ്കല്ലിൽ കയാക്കിംഗ് സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി പതിനഞ്ചോളം കയാക്കുകളാണെത്തിയത്. അഞ്ഞൂറിലേറെ സന്ദർശകരാണ് ഫെസ്റ്റിൽ പങ്കെടുത്ത് പുഴയുടെ ഓളപ്പരപ്പിൽ കയാക്കിംഗ് നടത്തിയത്. പ്രകൃതിക്ക് യാതൊരുവിധ ദോഷവുമില്ലാത്ത ടൂറിസം പ്രവർത്തനങ്ങളിലൊന്നായ കയാക്കിംഗ് നടത്താൻ വെള്ളിയാങ്കല്ല് അനുയോജ്യമെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെ വെള്ളിയാങ്കല്ലിൽ കയാക്കിംഗ് സ്ഥിരമായി തുടങ്ങാൻ അധികൃതർ തീരുമാനിക്കയായിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട തുടർനടപടികളൊന്നും ഉണ്ടായില്ല.
കേരളത്തിലെ കോട്ടയം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ നിലവിൽ കയാക്കിംഗ് ടൂറിസം വിജയകരമായി പ്രവർത്തിച്ചുവരുന്നുണ്ട്. സ്പീക്കറുടെ പ്രഖ്യാപനത്തോടെ പുഴയിൽ കയാക്കിംഗ് ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാരികളും തൃത്താലക്കാരും.