plant

പാലക്കാട്: പറളി, ലക്കിടി റെയിൽവേ സ്റ്റേഷനുകളിൽ സൗരോർജ്ജ പ്ലാന്റുകൾ വരുന്നു. പാലക്കാട് റെയിൽവേ ഡിവിഷനിൽ പറളി, ലക്കിടി റെയിൽവേ സ്റ്റേഷനുകളിലാണ് 5.2 കിലോവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റുകൾ നിർമ്മിക്കുന്നത്. രണ്ട് കിലോവാട്ട്‌ ശേഷിയുള്ള സൗരോർജ്ജ പ്ലാന്റ് നിലവിൽ പ്രവർത്തനക്ഷമാണ്. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ പ്ലാന്റ് കൂടി നിർമ്മിക്കുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സൗരോർജ്ജ പ്ലാന്റുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. ഗ്രിഡ് കണക്ഷൻ ജോലികൾ, നെറ്റ് മീറ്ററുകൾ സ്ഥാപിക്കൽ എന്നിവയാണ് ഇനി ബാക്കിയുള്ളത്.

അടുത്ത മാസത്തോടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ രണ്ട് സൗരോർജ്ജ പ്ലാന്റുകൾ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ പാലക്കാട് ഡിവിഷനിൽ സോളാർ പ്ലാന്റുകളുടെ പ്രവർത്തനശേഷി 490.4 കിലോവാട്ടായി ഉയരും. പാലക്കാട് ഡിവിഷനിൽ ഒലവക്കോട് റെയിൽവേ മാനേജറുടെ ഓഫീസ് (105), ഡിവിഷണൽ റെയിൽ ഹോസ്പിറ്റൽ ഒലവക്കോട് (20), മൾട്ടി ഡിസിപ്ലിനറി ഡിവിഷണൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഒലവക്കോട് (50), പറളി റെയിൽവേ സ്റ്റേഷൻ (50) കിലോവാട്ടും ശേഷിയുള്ള സൗരോർജ്ജ പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ കേന്ദ്ര ഊർജ്ജ മന്ത്രാലയ പദ്ധതി പ്രകാരം കോഴിക്കോട് (100), പാലക്കാട് (50), തലശേരി (50), കണ്ണൂർ (50) കിലോവാട്ട് സൗരോർജ്ജ പദ്ധതി പ്രവർത്തിച്ച് വരുന്നുണ്ട്.

കഴിഞ്ഞ മാർച്ചിൽ പാലക്കാട് ഡിവിഷനിൽ സൗരോർജ്ജ പ്ലാന്റ് മുഖേന 46,308 കിലോവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിച്ചത്.

2021- 22 സാമ്പത്തിക വർഷത്തിൽ 5,12,006 കിലോവാട്ട് യൂണിറ്റ് വൈദ്യുതിയാണ് ഉല്പാദിപ്പിച്ചത്. മാർച്ചിൽ 5,12,006 രൂപയും 2021- 22 സാമ്പത്തിക വർഷത്തിൽ 20,51,566 രൂപയും സൗരോർജ്ജ ഉല്പാദനത്തിൽ റെയിൽവേക്ക് സാമ്പത്തിക നേട്ടം ലഭിച്ചതായും അധികൃതർ പറഞ്ഞു.