ration

പാലക്കാട്: സിവിൽ സപ്ലൈസ് ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിലേക്ക് പോകുന്ന വാഹനങ്ങൾ വഴിമാറി റേഷനരി കടത്തുന്നത് തടയാൻ പാലക്കാട് ജില്ലയിൽ 21 വാഹനങ്ങളിൽ ജി. പി. എസ് ( ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം)​ ഘടിപ്പിച്ചു.

കിഴക്കൻമേഖലയിലും അതിർത്തിയിലെ ഊടുവഴികളിലൂടെയും റേഷനരികടത്ത് സജീവമായതിനെ തുടർന്നാണ് നടപടി. പാലക്കാട്, ഒറ്റപ്പാലം, ആലത്തൂർ, മണ്ണാർക്കാട് എന്നിവയാണ് ജില്ലയിലെ സിവിൽ സപ്ലൈസ് ഡിപ്പോകൾ. ഇതിൽ പാലക്കാട്ട് 14 വാഹനങ്ങളിലും ഒറ്റപ്പാലത്ത് ഏഴെണ്ണത്തിലുമാണ് ജി.പി.എസ് ഘടിപ്പിച്ചത്. സെക്കൻഡറി ഐ.പിയും ഘടിപ്പിച്ചതിനാൽ വാഹനങ്ങൾ ധാന്യവുമായി ഗോഡൗണിൽ നിന്ന് പുറപ്പെടുന്നത് മുതൽ റേഷൻ കടകളിൽ എത്തുന്നതുവരെയുള്ള കൃത്യസമയവും ലൊക്കേഷനും ജില്ലാ സപ്ലൈ ഓഫീസിലും ഹെഡ് ഓഫീസിലും അറിയാം.

കിഴക്കൻ മേഖലയിലെ നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം, വേലന്താവളം, ഒഴലപ്പതി, എല്ലപ്പെട്ടൻ കോവിൽ എന്നിവിടങ്ങളിലെ അതിർത്തി ചെക്ക്‌പോസ്റ്റുകൾക്ക് സമാന്തരമായി സ്വകാര്യവ്യക്തികളുടെ തെങ്ങിൻ തോപ്പുകളിലൂടെയുള്ള ഊടുവഴികളാണ് റേഷനരി കടത്തിന് ഉപയോഗിക്കുന്നത്.

ജി.പി.എസ് ഘടിപ്പിച്ച വാഹനം നിർത്തിയിട്ടാലും വഴിമാറി സഞ്ചരിച്ചാലും സിവിൽ സപ്ലൈസ് എന്ന മൊബൈൽ ആപ്പ് വഴി അധികൃതർക്ക് മെസേജ് ലഭിക്കും. സന്ദേശം ഇ- മെയിലായും കിട്ടും. വഴി മാറി പോകുന്ന വാഹനങ്ങളെ പിടികൂടാൻ സാധിക്കും. നിലവിൽ ജി.പി.എസ് ഘടിപ്പിക്കാത്ത വാഹനങ്ങളെയും കൃത്യമായാണ് പരിശോധിക്കുന്നത്. വാഹനങ്ങൾ പുറപ്പെടുന്നതു മുതൽ എത്തുന്നതുവരെയുള്ള പ്രധാന ജംഗ്ഷനുകളിലെ സമയം ഉൾപ്പെടെ അതത് ഡിപ്പോകളിൽ നിന്ന് അധികൃതർ വിളിച്ച് രേഖപ്പെടുത്തും.

 ആലത്തൂർ ഡിപ്പോയിൽ 11 വാഹനങ്ങൾക്ക് കരാർ

ആലത്തൂർ ഡിപ്പോയിൽ 11 വാഹനങ്ങൾക്ക് ജി.പി.എസ് ഘടിപ്പാക്കാനുള്ള കരാർ ലഭിച്ചു. ജി.പി.എസ് ഘടിപ്പിച്ചുള്ള ട്രയൽ റൺ പുരോഗമിക്കുന്നു. വാഹനങ്ങളുടെ വേഗത, യാത്രാവഴി എന്നിവ കൃത്യമായി അറിയാമെന്നതിനാൽ മോഷണം നടക്കില്ല. ജില്ലയിലെ മറ്റ് ഡിപ്പോകളിലെയും വാഹനങ്ങളിൽ ഉടൻ ജി.പി.എസ് ഘടിപ്പിക്കും,

-സതീഷ് കുമാർ, അസി. റീജിയണൽ മാനേജർ, സിവിൽ സപ്ലൈസ് വകുപ്പ്.