a

 ഒരാൾ ആറംഗ കൊലയാളി സംഘത്തിൽപെട്ടയാൾ

പാലക്കാട്: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാൾ ഉൾപ്പടെ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ. ആറംഗ കൊലയാളി സംഘത്തിൽപ്പെട്ട ഇക്ബാൽ, ഗൂഢാലോചനയിൽ പങ്കെടുത്ത ഫയാസ് എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് എത്തിയ ഇരുചക്രവാഹനങ്ങളിലൊന്ന് ഓടിച്ചിരുന്നത് ഇക്ബാലാണ്.

കൊലയ്ക്കുശേഷം പലവഴിക്കായി പിരിഞ്ഞ പ്രതികളിൽ ചിലർ ഒറ്റയ്ക്കാണ് ഒളിവിൽ പോയത്. ഇക്ബാലും ഒറ്റയ്ക്കാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. കൂടുതൽപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.

ഇതുവരെ കേസിൽ പിടിയിലായവർ ഒൻപതായി. ശേഷിക്കുന്ന പ്രതികൾ അടുത്ത ദിവസങ്ങളിൽ അറസ്റ്റിലാകുമെന്ന് ഉത്തരമേഖലാ ഐ.ജി അശോക് യാദവ് പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് ശക്തി

കേന്ദ്രങ്ങളിൽ പരിശോധന
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ പട്ടാമ്പി സ്വദേശി ആണെന്ന സ്ഥിരീകരണത്തിന് പിന്നാലെ ഇന്നലെ തൃത്താല, പട്ടാമ്പി മേഖലയിലെ ഞാങ്ങാട്ടിരി, ചാലിപ്പുറം, ആമയൂർ, ശങ്കരമംഗലം, കൊടലൂർ, കാരക്കാട് പാറപ്പുറം എന്നിവിടങ്ങളിലെ എസ്.ഡി.പി.ഐ- പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും പരിശീല കേന്ദ്രത്തിലും അന്വേഷണ സംഘം പരിശോധന നടത്തി. പ്രധാന പ്രതികളെ തേടിയായിരുന്നു പരിശോധന. ശനിയാഴ്ച കോഴിപ്പറമ്പ്, ശംഖുവാരത്തോട്, സെൽവി നഗർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. ഇത് പ്രതികളുടേതാണോ എന്നറിയാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

 സുബൈർ വധം:

തിരിച്ചറിയൽ പരേഡ് ചൊവ്വാഴ്ച
പോപ്പുലർ ഫ്രണ്ട് നേതാവായിരുന്ന എലപ്പുള്ളി സ്വദേശി സുബൈറിന്റെ കൊലപാതകത്തിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ചൊവ്വാഴ്ച നടക്കും. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. സുബൈറിന്റെ പിതാവ് ഉൾപ്പെടെ നാല് പേരാണ് പ്രതികളെ തിരിച്ചറിയേണ്ടത്. പ്രതികളായ എലപ്പുള്ളി വടക്കോട് കള്ളിമുള്ളി രമേഷ് (41), എടുപ്പുകുളം ആറുമുഖൻ (37), മരുതറോഡ് ആലമ്പള്ളം ശരവണൻ (33) എന്നിവരെ ചിറ്റൂർ സബ് ജയിലിൽ പ്രത്യേകം മുറികളിലാണ് പാർപ്പിച്ചിരിക്കുന്നത്. തിരിച്ചറിയൽ പരേഡിനുശേഷമേ പൊലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകൂ.