dowery

കഴിഞ്ഞവർഷം പൊലിഞ്ഞത് രണ്ട് ജീവൻ

ഈ വർഷം ഇതുവരെ വനിതാ സെല്ലിൽ ലഭിച്ച പരാതികൾ-251

പാലക്കാട്: സ്ത്രീധന പീഡനങ്ങൾക്ക് ഇരയാകുകയും ആത്മഹത്യ ചെയ്യുന്നതുമായ സ്ത്രീകളുടെ എണ്ണത്തിന് കുറവില്ല. പീഡനങ്ങൾക്ക് ഇരയാകുന്ന മിക്കസ്ത്രീകളുടെയും സംഭവങ്ങൾ അറിയാതെ പോകുന്നതും നിരവധിയാണ്. ജില്ലയിൽ ഈ വർഷം ഇതുവരെ സ്ത്രീകൾക്കെതിരെ വനിതാ സെല്ലിൽ ലഭിച്ചത് 251 പരാതികളാണ്. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത പീഡനകേസുകളിൽ രണ്ടു പേരാണ് ആത്മഹത്യ ചെയ്തത്. ഭർത്താവിൽ നിന്നും ഭർത്തൃവീടുകളിൽ നിന്നും അനുഭവിക്കുന്ന മർദനവും പീഡനവും താങ്ങാനാവാതെയാണ് സ്ത്രീകൾ ആത്മഹത്യയ്ക്ക് മുതിരുന്നത്. കഴിഞ്ഞ 12 വർഷത്തിനിടെ സ്ത്രീധന സംബന്ധമായ പ്രശ്നത്തെ തുടർന്ന് 24 സ്ത്രീകളാണ് ജില്ലയിൽ ആത്മഹത്യ ചെയ്ത്.

നിലവിൽ ഗാർഹിക പീഡനങ്ങൾക്കെതിരായ ബോധവത്കരണംമൂലം കേസ് കുറയുന്നുണ്ടെങ്കിലും സ്ത്രീകൾ ഭർത്തൃവീടുകളിൽ അത്ര സുരക്ഷിതരല്ലെന്നതാണ് കണക്ക് വ്യക്തമാക്കുന്നത്. നിയമസംവിധാനങ്ങൾ ശക്തമാക്കിയിട്ടും സംഭവം വീട്ടുകാർ ബന്ധുക്കൾ, സമൂഹം എന്നിവർ അറിഞ്ഞാൽ എന്ത് കരുമെന്നുള്ള മനോഭാവവും പേടിയും കാരണം മിക്ക സ്ത്രീകളും പുറത്തുപറയാൻ മടിക്കുന്നത്. കഴിഞ്ഞ 12 വർഷത്തിനിടെ 2014ലാണ് കൂടുതൽ ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്തത്. 439 കേസുകൾ. കഴിഞ്ഞ വർഷം 349 കേസുകളാണ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത്.


വർഷം- മരണം- പീഡനക്കേസ്
2010- 4- 325

2011- 2- 404

2012- 4- 400

2013- 0- 402

2014- 5- 439

2015- 1- 363

2016- 3- 269

2017- 0- 210

2018- 1- 119

2019- 0- 207

2020- 2- 166

2021- 2- 349

ലഭിക്കുന്നത് നിരവധി പരാതികൾ
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് വനിതാ സെല്ലിൽ നിരവധി പരാതികളാണ് ഓരോവർഷവും ലഭിക്കുന്നത്. ഈ വർഷം ഇതുവരെ 251പരാതികൾ ലഭിച്ചു. ഇതിൽ 231 പരാതികളും കൗൺസിലിംഗിലൂടെ തീർപ്പാക്കി. ഗൗരവകരമായ കുറ്റകൃത്യങ്ങൾ പൊലീസിനാണ് കൈമാറുക.

വനിതാ സെൽ, പാലക്കാട്.