murder

പാലക്കാട്: എസ്.ഡി.പി.ഐ നേതാവ് സുബൈറിന്റെ കൊലപാതകത്തിലെ പ്രതികളുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. സുബൈറിന്റെ പിതാവും മറ്റൊരു ദൃക്‌സാക്ഷിയുമാണ് ചിറ്റൂർ സബ് ജയിലിൽ തിരിച്ചറിയൽ പരേഡിന് എത്തിയത്. ചിറ്റൂർ സി.ജെ.എം പ്രിയയുടെ മേൽനോട്ടത്തിൽ നടത്തിയ പരേഡിന്റെ റിപ്പോർട്ട് പാലക്കാട് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ സമർപ്പിക്കും. പിതാവും സാക്ഷിയും പ്രതികളെ തിരിച്ചറിഞ്ഞുവെന്നാണ് സൂചന.

പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകി. ഇന്ന് ഉച്ചയ്ത്ത് മൂന്നിന് പ്രതികളായ എലപ്പുള്ളി വടക്കോട് കള്ളിമുള്ളി രമേഷ് (41), എടുപ്പുകുളം എൻ.വി ചള്ള ആറുമുഖൻ (37), മരുതറോഡ് ആലമ്പള്ളം ശരവണൻ (33) എന്നിവരെ കോടതിയിൽ ഹാജരാക്കും. കൊലപാതക സംഘത്തിൽ അഞ്ചുപേർ ഉണ്ടായിരുന്നുവെന്നാണ് സുബൈറിന്റെ പിതാവിന്റെ മൊഴി.