chatha

ഒറ്റപ്പാലം: പെരുന്നാളിന് മുന്നോടിയായി വ്യാഴാഴ്ച നടന്ന വാണിയംകുളം കന്നുകാലി ചന്തയിൽ 15 കോടി രൂപയുടെ റെക്കോർഡ് കച്ചവടം. ഇതുവരെ പെരുന്നാൾ കാലത്ത് ചന്തയിൽ നടന്ന ഏറ്റവും കൂടിയ കച്ചവടം പത്തു കോടി രൂപയാണ്. ഇതിനെ മറികടന്നാണ് ഇത്തവണ പെരുന്നാൾ ചന്തയിലെ കന്നുകാലി കച്ചവടം റെക്കോർഡ് വില്പന സൃഷ്ടിച്ചത്. സാധാരണ ആഴ്ച ചന്തകളിൽ അഞ്ചു കോടിയുടെ കച്ചവടമാണ് നടക്കാറുള്ളത്.

കർണ്ണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് 55 ലോഡ് കന്നുകാലികളാണ് പെരുന്നാൾ ചന്തയിലെത്തിയത്. പെരുന്നാളാവശ്യം മുൻനിർത്തി വലിയകന്നുകാലികളെയാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നും കൂടുതലും എത്തിച്ചത്. ഇത് മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കാണ് പ്രധാനമായും കച്ചവടം ചെയ്തത്.
പെരുന്നാൾ ചന്ത വാണിയംകുളം ചന്തയുടെ വ്യാപാര ഉണർവിന് ഉത്തേജനമായതായി കാറ്റിൽ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി യൂസഫ് പത്തിരിപ്പാല പറഞ്ഞു. കൊവിഡ് കാലത്ത് 18 മാസം ചന്ത അടച്ചിട്ടിരുന്നു. കൊവിഡിനു ശേഷം മാസങ്ങൾക്ക് മുമ്പ് ചന്ത തുറന്നെങ്കിലും അയൽ സംസ്ഥാനങ്ങളിൽ നിന്ന് കാലിവരവ് കുറവായിരുന്നു. എന്നാൽ വ്യാഴാഴ്ച ചന്തയിൽ നടന്ന ഉയർന്ന കച്ചവടം കന്നുകാലി കച്ചവട രംഗത്ത് ഏറെ പ്രതീക്ഷയാണ് നൽകുന്നത്.