റാന്നി: സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി പെരുന്തേനരുവി ടൂറിസം സെന്റർ. നാളുകളായി കാടുമൂടിയും പ്രളയ ജലത്താൽ തകർന്നു കിടന്ന കുട്ടികളുടെ പാർക്കും നടപ്പാതകളും ശുചീകരിച്ചു മോടിയാക്കിയതോടെയാണ് പെരന്തേനരുവി ടൂറിസം സെന്റർ മനോഹരമായത്. നദിയിലേയ്ക്കും പാർക്കിലേക്കും ഇറങ്ങുന്ന നശിച്ചുപോയ പടിക്കെട്ടുകൾ ടൈൽ പാകി മനോഹരമാക്കി. കുട്ടികളുടെ പാർക്കിൽ തറയോടു പാകി കഴിഞ്ഞു. ഇരുമ്പു കൊളുത്തിലുള്ള ഊഞ്ഞാലുകളും ഇരിപ്പിടങ്ങളും സ്ഥാപിച്ചു. പാർക്കിന്റെ മേൽക്കൂര വലിയ ഫൈബർ ഷീറ്റ് ഉപയോഗിച്ച് മറച്ചു. വലിയ കെട്ടിനോടു ചേർന്ന സ്ഥലങ്ങളിൽ പൂച്ചെടികൾ വച്ചു പിടിപ്പിച്ചു. വെള്ളം കയറുന്ന നദിയോടു ചേർന്ന ഭാഗത്ത് രാമച്ചമാണ് വച്ചു പിടിപ്പിച്ചത്.പാർക്കിംഗ് ഗ്രൗണ്ടിനോടു ചേർന്ന ഭാഗത്തും ചെടികൾ വച്ചു പിടിപ്പിച്ചു. ഭിത്തികൾ പുതിയ ചായം പൂശി മനോഹരമാക്കി. ശുചീകരണ മുറികളുടെ പഴയ കതകുകൾ മാറ്റി പുതിയവ സ്ഥാപിച്ചു. ശുചിമുറിയിലേക്കുള്ള വെള്ളത്തിന്റെ കണക്ഷനും ശരിയാക്കി. ഇനി സഞ്ചാരികൾക്കായി തുറന്നു കൊടുക്കുവാനാവും. സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണ ജോലികൾ നടത്തിയത്. നിർമ്മിതി കേന്ദ്രത്തിന്റെ മേൽനോട്ടത്തിലാണ് ജോലികൾ നടക്കുന്നത്. എന്നിരുന്നാലും സഞ്ചാരികൾ ഏറെ എത്തുന്ന നാറാണംമൂഴി പഞ്ചായത്തിന്റെ വശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളിലെ കുറവ് ആളുകൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കാടിനു ഉള്ളിലൂടെയുള്ള യാത്ര ഏവരെയും ഇഷ്ടപ്പെടുത്തുന്ന ഒന്നാണ്. കൂടാതെ ചൂട് സമയങ്ങളിൽ പലരും ഈ വശം വിശ്രമിക്കാനും മറ്റും തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളായ ശുചിമുറി പോലുള്ളവയുടെ ലഭ്യതക്കുറവ് സഞ്ചാരികളെ പലപ്പോഴും ബുദ്ധി മുട്ടിക്കാറുണ്ട്. ഇവയ്ക്കൂടെ പരിഹാരം ഉണ്ടായാൽ പെരുന്തേനരുവിയിൽ വരുന്ന സഞ്ചാരികൾക്ക് അത് ഏറെ സഹായകരമാകും.