ചെങ്ങന്നൂർ: വികസനത്തിന്റെ പേരിൽ കേരളത്തെ ശിഥിലമാക്കുന്ന സിൽവർലൈനിന്റെ ചെങ്ങന്നൂർ വഴിയുള്ള അലൈൻമെന്റ് രണ്ടുതവണ തൽപരകക്ഷികളുടെ താല്പര്യപ്രകാരം മാറ്റിയെന്ന് മുൻ എം.എൽ.എ എം.മുരളി പറഞ്ഞു. ഇതിന്റെ ഭീതിയും ദുരന്തവുമാണ് പുന്തല, കൊഴുവല്ലൂർ, മുളക്കുഴ,പിരളശേരി പ്രദേശങ്ങളിലെ ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്. സിൽവർ ലൈനിന്റെ ആദ്യ അലൈൻമെന്റ് നൂറനാട് അർച്ചന എൻജിനീയറിംഗ് കോളേജ് ഭാഗത്തു നിന്ന് തോട്ടക്കോണം, മാന്തുക, കാരയ്ക്കാട് കിഴക്കുഭാഗം, കോട്ട, നീർവിളാകം വഴി ആറാട്ടുപുഴയിലെത്തുന്നതായിരുന്നു. അത് അർച്ചന കോളേജ് ഭാഗത്തു നിന്ന് പാറ്റൂർ ശ്രീബുദ്ധ എൻജിനിയറിംഗ് കോളേജ് വഴി ഇടപ്പോൺ കിഴക്ക്,പുന്തല, കൊഴുവല്ലൂർ ക്ഷേത്രം, പൂതംകുന്ന് കോളനി, കൊഴുവല്ലൂർ സി.എസ്.ഐ ജംഗ്ഷൻ, അരീക്കര, പെരിങ്ങാല, മുളക്കുഴ, പിരളശേരി വഴിയാക്കി ആറാട്ടുപുഴയ്ക്ക് മാറ്റിയതാണ് ജനവാസകേന്ദ്രങ്ങളിൽ ഭീതിയും പ്രതിഷേധവും ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.
കൊഴുവല്ലൂർ ക്ഷേത്ര സമീപത്തുനിന്ന് കൊഴുവല്ലൂർ മോടിയിൽ ജംഗ്ഷൻ ഒഴിവാക്കാനാണ് പൂതംകുന്ന് കോളനി വഴി രണ്ടാം അലൈൻമെന്റ് മാറ്റിയതെന്ന ആക്ഷേപവും ഉയർന്നുവന്നിരിക്കുകയാണ്.
എം.സി. റോഡിന് സമീപത്തുകൂടിയുള്ള ആദ്യത്തെ അലൈൻമെന്റ് മാറ്റാനുള്ള തീരുമാനത്തിലും വളരെയേറെ ദുരൂഹതകൾ ആരോപിക്കുന്നുണ്ട്.