പത്തനംതിട്ട : കാർമേഘവും നിറവെയിലും മാറിമാറിക്കളിച്ച മാനത്തിൻ കീഴെ ആയിരം വർണ്ണക്കുട നിവർത്തി നീങ്ങിയ ഘോഷയാത്രയോടെ എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിന് പത്തനംതിട്ടയിൽ തുടക്കമായി. കേരളത്തിന്റെ ഗ്രാമീണ ജീവിതം മുതൽ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങൾ വരെ സ്പർശിച്ച ഘോഷയാത്ര ഭൂമിയിൽ വീണ മഴവില്ലുപോലെ നഗരവീഥികളെ നിറങ്ങളിൽ ചാലിച്ചു. യുവത്വത്തിന്റെ ചൈതന്യമായി നൂറുകണക്കിന് യുവതീയുവാക്കൾ അണിനിരന്ന ഘോഷയാത്ര നാട് കണ്ണിമവെട്ടാതെ കണ്ടുനിന്നു. കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം ഇത്രയും വലിയൊരു ഉത്സവമേളത്തിന് ആദ്യമായാണ് നഗരം സാക്ഷ്യംവഹിക്കുന്നത്. ഇടയ്ക്ക് പെയ്ത മഴ ഘോഷയാത്രയുടെ മാറ്റുകുറയ്ക്കുമെന്ന ആശങ്ക ഉയർന്നെങ്കിലും ഇത് വകയവയ്ക്കാതെ ആർപ്പുവിളികളോടെ കലായൗവനങ്ങൾ സമ്മേളന നഗരിയിലേക്ക് ഒഴുകിനീങ്ങി.
സംഘാടക സമിതി ഭാരവാഹികൾക്ക് പിന്നിലായി മുത്തുക്കുടകളേന്തിയ മങ്കമാർ അണിനിരന്നു. നാടൻ കലാരൂപങ്ങളായ തെയ്യം, തൃശൂർ പുലികളി, മയൂരനൃത്തം, കൊട്ടക്കാവടി, അർജുന നൃത്തം, പഞ്ചവാദ്യം, ശിങ്കാരിമേളം, പമ്പമേളം, റോളർ സ്കേറ്റിംഗ് എന്നിവയും ചാരുതയേകി. പിന്നാലെ ഭാരതമാതാവും ഹിന്ദു, ക്രിസ്ത്യൻ, മുസ്ളിം വേഷധാരികളും രവിവർമ്മ ചിത്രത്തിലെ നായികയും നടന്നുനീങ്ങി. പട്ടുപാവാട മുതൽ ചുരിദാറും സാരിയും സെറ്റ് മുണ്ടും ബുർഖയും ചട്ടയും മുണ്ടും അണിഞ്ഞ പെൺകുട്ടികളും കസവുമുണ്ടും ജുബയും മുതൽ അടിപൊളി വേഷങ്ങളിൽ ആൺകുട്ടികളും അണിനിരന്നു. റോമിയോയും ജൂലിയറ്റും ഒഥല്ലോയുമടക്കമുള്ള ഷേക്സ്പിയർ കഥാപാത്രങ്ങളും ബോളിവുഡ് സിനിമയിൽ നിന്ന് ഇറങ്ങിവന്ന ഹോളോമോനും നഗരത്തിലൂടെ നടന്നുനീങ്ങി. വിവിധ സംസ്ഥാനങ്ങളുടെ വേഷവിധാനങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. വള്ളംകളിയുടെ താളവും കോലംതുള്ളലും കഥകളി വേഷധാരികളും പരുന്തും കോൽകളിയും കളരിപ്പയറ്റുമെല്ലാം കാഴ്ചക്കാരെ പിടിച്ചുനിറുത്തി. ബാൻഡ് മേളവും പഞ്ചാരിയും ചെണ്ടമേളവും കാഴ്ചയുടെ വിസ്മയങ്ങൾക്ക് ശബ്ദത്തിന്റെയും താളത്തിന്റെയും അകമ്പടിയേകി.പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ഇന്നലെ വൈകിട്ട് മൂന്നിനാണ് ഘോഷയാത്ര ആരംഭിച്ചത്. തുടർന്ന് ഗാന്ധി സ്ക്വയർ വഴി കോളേജ് റോഡിലൂടെ പ്രധാന വേദിയായ ജില്ലാ സ്റ്റേഡിയത്തിലെ സുഗതകുമാരി നഗറിൽ സമാപിച്ചു.