jack

കോന്നി : നാട്ടിൽ വ്യാപകമായി കാണപ്പെടുന്ന വൃക്ഷമാണ് പ്ലാവും കടപ്ലാവും. എന്നാൽ വെടിപ്ലാവ് എന്താണെന്ന് അധികമാർക്കും അറിയില്ല. ഉൾവനങ്ങളിൽ മാത്രം കാണപ്പെടുന്ന പ്ലാവാണ് വെടിപ്ലാവ്. സൈലന്റ് വാലിയിലാണ് ഇത് വ്യാപകമായുള്ളത്. കോന്നി വനംഡിവിഷനിലെ പാക്കല്ലാർ, ഇരുതോട് വനത്തിലും റാന്നി വനംഡിവിഷനിലെ കക്കി വനമേഖലയിൽ നിന്ന് 38 കിലോമീറ്റർ അകലെയുള്ള ഉറാനി വനമേഖലയിലും ഇപ്പോൾ വെടിപ്ലാവുകളിലെ ചക്ക പഴുത്തു തുടങ്ങി. പെരിയാർ ടൈഗർ റിസർവിലെ ശബരിമല വനത്തിലും വെടിപ്ലാവുകളുണ്ട്. നല്ല ഉയരത്തിൽ വളരുന്ന പ്ളാവിന് നല്ലവണ്ണവുമുണ്ട്. തോട് വെടിച്ചുകീറി ഫലം പുറത്തുവരുന്നതുകൊണ്ടാണ് ഇതിന് വെടിപ്ലാവെന്നു പേരുവന്നത്. ശാസ്ത്രീയനാമം ദുരിയോ എക്സറിലേറ്റസ് എന്നാണ്. കാരയനി, വേടപ്ലാവ്, കുരങ്ങുപ്ലാവ്, മുള്ളൻപാലി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതിന്റെ കായും പൂവും കുരങ്ങ്, കരിമന്തി, സിംഹവാലൻ കുരങ്ങ് എന്നിവയുടെ ഇഷ്ട ആഹാരമാണ്. ആഞ്ഞിലിച്ചക്കയെക്കാൾ വലിപ്പമുള്ള ചക്കയിൽ നാലോളം കുരു ഉണ്ടാവും. കാട്ടിൽ സാധാരണ പഴങ്ങൾക്ക് ക്ഷാമമുള്ള മാർച്ചിലാണ് വെടിപ്ലാവ് പൂക്കുന്നത്. 50 ദിവസമേ ഈ പൂക്കാലം നീണ്ടുനിൽക്കുന്നുള്ളുവെങ്കിലും ഓരോ മരത്തിലും ശരാശരി എണ്ണായിരത്തിലധികം പൂക്കളാണുണ്ടാവുന്നത്.

നിത്യഹരിത വനത്തിൽ കാണപ്പെടുന്ന വൃക്ഷമാണ് വെടിപ്ലാവ്. കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ് എന്നിവയെ വെടിപ്ലാവുള്ള വനത്തിൽ കാണാം. പുറംതോടിൽ മുള്ളായതിനാൽ ചക്ക പറിച്ചു താഴെയിട്ട് പൊട്ടുമ്പോൾ ഇവ ഭക്ഷിക്കുന്നു.

(ചിറ്റാർ ആനന്ദൻ, പരിസ്ഥിതി പ്രവർത്തകൻ )