തിരുവല്ല: കെ - റെയിൽ പദ്ധതിക്കെതിരെ തിരുവല്ല താലൂക്ക് ഓഫീസിന് മുമ്പിൽ സർവേക്കല്ല് സ്ഥാപിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക സർവേക്കല്ലുമായി ഇന്നലെ ഉച്ചയോടെ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് പൊലീസ് തടഞ്ഞത്. താലൂക്ക് ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് താലൂക്ക് ഓഫീസിന് നൂറ് മീറ്റർ അകലെവച്ച് ഡിവൈ.എസ്.പി ടി രാജപ്പന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. പ്രകോപിതരായ ചില പ്രവർത്തകർക്കും സർവേക്കല്ലുമായി ബാരിക്കേഡിന് മുകളിൽ കയറി മുഴക്കിയെങ്കിലും നേതാക്കൾ ഇടപെട്ട് ഇവരെ താഴെയിറക്കി. തുടർന്ന് നടന്ന ധർണ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഡി. സി.സി ജനറൽസെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷിനി തങ്കപ്പൻ, ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, ടോമിൻ ഇട്ടി, അലക്സ് പൂത്തപ്പള്ളി, ജിനു തുമ്പുംകുഴി, രാജേഷ് മലയിൽ, ജേക്കബ് വർഗീസ്, ബ്ലസൻ പത്തിൽ, ജിനു ബ്രില്ലാന്റ, നിതിൻ വർഗീസ്, സാന്റോ തട്ടാറ,ജെറി കുളക്കാടൻ, അജ്മൽ മുത്തൂർ, ജിബിൻ കാലായിൽ, ബ്ലസൻ പി.കുര്യൻ, ജോൺസൺ വെൺപാല എന്നിവർ സംസാരിച്ചു.