
പത്തനംതിട്ട : പമ്പയുടെയും പടേനിയുടെയും നാടായ പത്തനംതിട്ടയിൽ എം.ജി യൂണിവേഴ്സിറ്റി കലോത്സവം വിരുന്നെത്തുന്നത് ഇത് നാലാം തവണ. സിൽവർ ജൂബിലി വർഷമായ 2007 ൽ ആണ് ആദ്യമായി കലോത്സവത്തിന് ജില്ല വേദിയാകുന്നത്. അന്ന് യുവത്വത്തിന്റെ ഉത്സവമേളവും ആവേശവും പത്തനംതിട്ട നഗരം ഹൃദയത്തിലേറ്റിയതോടെ പിന്നീട് തിരുവല്ലയും കോഴഞ്ചേരിയും വേദിയായി. തുടർന്നാണ് ഇപ്പോൾ വീണ്ടും ജില്ലാ ആസ്ഥാനം വേദിയായിരിക്കുന്നത്. കൊവിഡ് പ്രതിസന്ധികളെ തുടർന്ന് രണ്ടുവർഷമായി ആഘോഷങ്ങൾ നിലച്ചിരുന്ന പത്തനംതിട്ടയിൽ വിരുന്നെത്തിയ കലാമാമാങ്കത്തെ ഉത്സവാവേശത്തോടെയാണ് നഗരം വരവേറ്റിരിക്കുന്നത്.