കോന്നി: കാട്ടുപന്നിയുടെ അക്രമണത്തിൽ മരണം സംഭവിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിച്ചതായി കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഏനാദിമംഗലം പഞ്ചായത്തിലെ മങ്ങാട് പുളിനിൽക്കുന്നതിൽ വീട്ടിൽ പി.വൈ.ജോണിയുടെ കുടുംബത്തിനാണ് തുക അനുവദിച്ചത്. ആദ്യ ഗഡുവായി 5 ലക്ഷം രൂപ ജോണിയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മയ്ക്ക് എം.എൽ.എ കൈമാറി. മങ്ങാട് ജംഗ്ഷനിലേക്ക് കാൽനട യാത്ര ചെയ്യവേ കാട്ടുപന്നിയുടെ ആക്രമണമുണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ഡി.എഫ്.ഒ റിപ്പോർട്ട് ചെയ്യുകയും, 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുകയുമായിരുന്നു. ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ, പഞ്ചായത്ത് അംഗങ്ങളായ ശങ്കർ മാരൂർ,സാം വാഴോട്, കോന്നി റെയ്ഞ്ച് ഓഫീസർ ജോജി ജെയിംസ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജോൺ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രവീൺ തുടങ്ങിയവർക്കൊപ്പമെത്തിയാണ് എം.എൽ.എ നഷ്ടപരിഹാര തുക കൈമാറിയത്.ബാക്കി തുകയായ 5 ലക്ഷം രൂപയും അടിയന്തരമായി തന്നെ കുടുംബത്തിന് കൈമാറുമെന്നും എം.എ.ൽ.എ പറഞ്ഞു.