ചെങ്ങന്നൂർ: വിമാനത്തേക്കാൾ വേഗത്തിൽ കെ-റെയിലിൽ സഞ്ചരിക്കാമെന്ന് മുൻമന്ത്രി തോമസ് ഐസക് പറഞ്ഞു. എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ നടന്ന രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിലെത്താനുള്ള ദൂരവും പരിശോധനയും കാത്തിരിപ്പും പരിഗണിച്ചാൽ കെ-റെയിലിനാണ് വേഗം. അര മണിക്കർ ഇടവിട്ട് ട്രെയിൻ ഓടിക്കും. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കും. ഏറ്റവും മികച്ച നഷ്ടപരിഹാര പാക്കേജ് നൽകിയാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇപ്പോൾ നടക്കുന്നത് സാമൂഹ്യആഘാത പഠനം മാത്രമാണ്. ഏറ്റെടുക്കുന്ന ഭൂമിയിലെ 5 സെന്റിൽ താഴെ താമസിക്കുന്ന അതിദരിദ്രർക്ക് 10 ലക്ഷം അല്ലെങ്കിൽ 5 സെന്റും വീടും നൽകും. വീട് നിർമ്മിക്കുന്നതിന് താമസം നേരിട്ടാൽ വാടക നൽകും. ഇന്നത്തെ പാവങ്ങൾ കെ-റെയിലിൽ യാത്ര ചെയ്തില്ലെങ്കിലും അവരുടെ മക്കൾ യാത്ര ചെയ്യുമെന്ന് ഉറപ്പാണെന്ന് തോമസ് ഐസക് പറഞ്ഞു. മന്ത്രി സജിചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.