തിരുവല്ല: വേനൽ മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ തിരുവല്ലയിലെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. ഇന്നലെ വൈകിട്ട് 5 മുതൽ വീശിയടിച്ച കാറ്റാണ് നാശം വിതച്ചത്. നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബ കോടതിയുടെ മേൽക്കൂരയിലെ ഷീറ്റ് കാറ്റിൽ പറന്ന് വൈദ്യുത ലൈനിന് മുകളിലേക്ക് പതിച്ചു. തിരുവല്ല പോലീസ് സ്റ്റേഷൻ വളപ്പിൽ നിന്നിരുന്ന ആൽമരത്തിന്റെ ശിഖരം ഓടിഞ്ഞ് സ്റ്റേഷന് മുകളിൽ വീണു. കിഴക്കൻ മുത്തൂർ - അമ്മന്നൂർ റോഡിലേക്ക് സ്വകാര്യ പുരയിടത്തിൽ നിന്നിരുന്ന മരം കടപുഴകി വീണു. പടപ്പാട് ഇടയാട്ടിൽ ഏലിയാമ്മയുടെ വീട് മരം വീണ് ഭാഗികമായി തകർന്നു.കുറ്റപ്പുഴ മാർത്തോമാ കോളേജ് റോഡിൽ മരം ഒടിഞ്ഞുവീണു. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമന സേന ഉദ്യോഗസ്ഥർ ചേർന്നാണ് മറിഞ്ഞുവീണ മരങ്ങൾ മുറിച്ചു മാറ്റിയത്.നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തിയിട്ടില്ല.