1
തിരുവനന്തപുരം നേപ്പിയർ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന വേലുത്തമ്പി ദളവയുടെ ഉടവാൾ

കടമ്പനാട് : ധീര ദേശാഭിമാനി വേലുത്തമ്പി ദളവയുടെ അന്ത്യംകൊണ്ട് ചരിത്രത്തിൽ ഇടംനേടിയ മണ്ണടിയിൽ സ്മരണകൾ നിലനിറുത്താൻ ഒരു മ്യൂസിയമുണ്ട്. മ്യൂസിയം എന്നത് പേരിൽ മാത്രമാണ്. കൗതുകമുണർത്തുന്ന യാതൊരു പുരാവസ്തുക്കളും ഇവിടെയില്ല. മ്യൂസിയം ഔദ്യോഗികമായി അംഗീകരിച്ച് തസ്തിക സൃഷ്ടിക്കുകയോ, ഇവിടെ സ്ഥാപിച്ച വേലുത്തമ്പി ദളവയുടെ പ്രതിമ അനാശ്ചാദനം ചെയ്യുകയോ ചെയ്തിട്ടില്ല. പഠന ഗവേഷണ കേന്ദ്രത്തിനായി കെട്ടിടം പണിതെങ്കിലും അതുംനടന്നില്ല. ഈ സാഹചര്യത്തിൽ മ്യൂസിയം കൂടുതൽ ജനശ്രദ്ധ നേടാനും സഞ്ചാരികളെ ആകർഷിക്കാനും വേലുത്തമ്പിയുടെ സ്മരണ കൂടുതൽ തിളക്കമുള്ളതാക്കാനും വേണ്ടി ഉടവാൾ മണ്ണടിയിലെത്തിക്കണമെന്ന ആവശ്യം ഉയർന്നിട്ട് വർഷങ്ങളായി. എം.എ.ബേബി സാംസ്കാരിക മന്ത്രിയായിരുന്നപ്പോൾ ഉടവാൾ മണ്ണടിയിലെത്തിക്കണമെന്ന ആവശ്യത്തോട് അനുകൂലമായാണ് പ്രതികരിച്ചത്. അന്ന് ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ ആയിരുന്ന ഉടവാൾ സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ഇടപെടീലിൽ തിരുവനന്തപുരത്തെത്തിച്ചു. പുരാവസ്തു വകുപ്പിന് സംരക്ഷിക്കാൻ മതിയായ സൗകര്യമില്ലാത്തതുകൊണ്ട് നേപ്പിയാർ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളുടെ പ്രശ്നമാണ് ഇതുമായി ബന്ധപെട്ട് പുരാവസ്തുവകുപ്പ് അധികൃതർ പറയുന്നത്. നേപ്പിയർ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഉടവാൾ മണ്ണടിയിലെത്തിച്ചാൽ മ്യൂസിയത്തിന്റെയും നാടിന്റെയും വികസനത്തിന് അത് വലിയ മുതൽ കൂട്ടാകും. കല്ലടയാറിന്റെ തീരത്തെ കാമ്പിത്താൻ മണ്ഡപം പുനരുദ്ധരിച്ച് ഇവിടെ ടൂറിസത്തിന് സാദ്ധ്യത കണ്ട് പദ്ധതിയൊരുക്കിയിരുന്നു. അരവക്കച്ചാണി ഗുഹ , മണ്ണടി ദേവീ ക്ഷേത്രം എന്നിവയും മണ്ണടിയുടെ സാദ്ധ്യതകളാണ്. ഉടവാൾ മണ്ണടിയിലെത്തിച്ച് അർഹിക്കുന്ന പരിഗണന നൽകി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വേലുത്തമ്പി ദളവയുടെ ഉടവാൾ മണ്ണടിയിലെത്തിക്കുന്നതിന് ജില്ലാ പഞ്ചായത്തിന് ചെയ്യാൻ സാദ്ധ്യമായതെല്ലാം ചെയ്യും. മണ്ണടിയുടെ ടൂറിസം സാദ്ധ്യതകൾ പരിഗണിക്കാൻ നിവേദനം നൽകും.

സി.കൃഷ്ണകുമാർ,

ജില്ലാ പഞ്ചായത്തംഗം