തിരുവല്ല: റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും പരിശോധനകൾ കർശനമാക്കുന്നതിനുമായി മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ജില്ലയിലെ റോഡുകളിൽ 46 കാമറകൾ സ്ഥാപിച്ചു. ജില്ലയിലെ ആറ് താലൂക്കുകളിലായി സ്ഥാപിച്ചിട്ടുള്ള ഈ കാമറയുടെ കൺട്രോൾ റൂം പ്രവർത്തിക്കുക തിരുവല്ലയിലാണ്. റവന്യു ടവറിൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ ഓഫീസ് പ്രവർത്തനം തുടങ്ങി. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കൺട്രോൾ റൂമിന് നേതൃത്വം നൽകും. തിരുവല്ല 10, അടൂർ 9, റാന്നി 8, കോഴഞ്ചേരി 8, മല്ലപ്പള്ളി 6, കോന്നി 5 എന്നിങ്ങനെയാണ് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ എഴുന്നൂറിലധികം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളാണ് മോട്ടോർ വാഹനവകുപ്പ് ഇതേരീതിയിൽ സ്ഥാപിച്ചിട്ടുള്ളത്.
കൈയോടെ പിടികൂടും
ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തവർ, കൃത്യമായ നമ്പർ പ്ളേറ്റ് ഇല്ലാത്ത വാഹനങ്ങൾ, വ്യാജ നമ്പർ, ഇൻഷുറൻസ്, ടാക്സ് അടയ്ക്കാത്ത വാഹനങ്ങൾ, മൊബൈൽ ഉപയോഗം, അമിതവേഗത, ഇരുചക്രവാഹനങ്ങളിൽ ട്രിപ്പിൾ ഉപയോഗം തുടങ്ങിയ നീയമലംഘനങ്ങളെല്ലാം ഇനിമുതൽ കൃത്യമായി കാമറ ഒപ്പിയെടുക്കും. റഡാർ സംവിധാനത്തോടെയാണ് കാമറകൾ പ്രവർത്തിക്കുക. വാഹനങ്ങളുടെ ചിത്രങ്ങൾ കാമറയിൽ പതിയുന്നതോടെ നിയമലംഘനം നടത്തിയ വാഹനത്തിന്റെ ഉടമയ്ക്ക് തപാൽ മുഖേന നോട്ടീസ് നൽകും. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ തിരുവനന്തപുരത്തെ സെൻട്രൽ കൺട്രോൾ റൂമിലാണ് ഓരോ ദൃശ്യങ്ങളും എത്തുന്നത്. തുടർന്ന് അത് ജില്ലാ കൺട്രോൾ റൂമിലേക്ക് എത്തിക്കും. ഉദ്യോഗസ്ഥർ ഇല്ലാതെ തന്നെ കൃത്യമായ പരിശോധന നടത്താം എന്നതാണ് കാമറകൾ കൊണ്ടുള്ള നേട്ടം. 4 ജി കണക്ടിവിറ്റി സിം ഉപയോഗിച്ചാണ് ഡാറ്റാ കൈമാറ്റം. കാമറയിലെ വിഷ്വൽ പ്രോസസിംഗ് യൂണിറ്റ് വാഹനങ്ങൾ നിരീക്ഷിച്ച് വിശകലനം ചെയ്യും. ചിത്രങ്ങളും പകർത്തും. ആറ് മാസത്തെ ദൃശ്യങ്ങൾ വരെ ശേഖരിക്കാൻ കാമറയിൽ സംവിധാനമുണ്ട്. സൗരോർജ്ജം കൊണ്ടാണ് കാമറകളെല്ലാം പ്രവർത്തിക്കുന്നത്. അലാറം മുഴക്കി ബാറ്ററി മോഷണം തടയാനും കാമറയിൽ സംവിധാനമുണ്ട്.
.............
ഏപ്രിൽ ഒന്നിന് പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും സോഫ്റ്റ്‌വെയറിലെ ചില തകരാർ കാരണം പ്രവർത്തനം തുടങ്ങിയിട്ടില്ല. ഉടനെ കാമറകൾ പ്രവർത്തനസജ്ജമാകും.
മോട്ടോർ വാഹനവകുപ്പ്
എൻഫോഴ്‌സ്‌മെന്റ് അധികൃതർ
........................
- 6 താലൂക്കുകളിൽ ജില്ലയിലെ റോഡുകളിൽ 46 കാമറകൾ സ്ഥാപിച്ചു
കാമാറകൾ സ്ഥാപിച്ചിട്ടുള്ളത്
...............
തിരുവല്ല 10,
അടൂർ 9,
റാന്നി 8,
കോഴഞ്ചേരി 8,
മല്ലപ്പള്ളി 6,
കോന്നി 5