കൊടുമൺ: തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കി കൊടുമൺ പഞ്ചായത്ത് ജില്ലയിൽ മുന്നിലെത്തി. തൊഴിലിനിറങ്ങിയ 2174 കുടുംബങ്ങളിൽ 1,242 കുടുംബങ്ങൾക്ക് നൂറ് തൊഴിൽദിനങ്ങൾ വീതം കൊടുത്താണ് ഈ നേട്ടം കൈവരിച്ചത്. സ്പിൽഓവറും പുതിയതുമായ 700 പദ്ധതികൾ ഏറ്റെടുത്ത പഞ്ചായത്ത് 1,72,607 തൊഴിൽദിനങ്ങൾ സൃഷ്ടിച്ച് 674 ലക്ഷം രൂപ ചെലവഴിച്ചു. തോടുകളുടെ നിർമ്മാണം, കുളം നവീകരണം തുടങ്ങിയ പൊതു പ്രവൃത്തികളും കാലിത്തൊഴുത്തുകൾ, അട്ടിൻകൂട്, കോഴികൂടുകൾ എന്നീ ജീവനോപാധി പ്രവൃത്തികളും സോക് പിറ്റുകൾ, കമ്പോസ്റ്റ് പിറ്റുകൾ, മിനി എം.സി എഫുകൾ എന്നീ ശുചിത്വ പ്രവൃത്തികളും തൊഴിൽ നൽകുന്നതിനായി ഏറ്റെടുത്തു. തെങ്ങിൻ തൈ നേഴ്സറി സ്ഥാപിച്ച് 1000 തെങ്ങിൻ തൈനട്ടു പരിപാലിച്ചുവരുന്നു. പതിനായിരം തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിച്ച് നട്ടു പരിപാലിക്കാനുള്ള പദ്ധതിയും പ്ളാന്റേഷൻ കോർപ്പറേഷന്റെ അധീനതയിലുള്ള ഭൂപ്രദേശത്ത് തടയിണകൾ, കുളങ്ങൾ തുടങ്ങിയ പ്രവൃത്തികൾ ഏറ്റെടുത്തും നടപ്പു സാമ്പത്തിക വർഷം അധിക തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് തൊഴിലിനിറങ്ങുന്ന എല്ലാ കുടുംബങ്ങൾക്കും നൂറ് തൊഴിൽദിനങ്ങൾ നൽകാൻ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ അറിയിച്ചു.