റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണത്തിലെ അശാസ്ത്രീയതമൂലം ദുരിതമനുഭവിച്ചു പ്ലാച്ചേരി നിവാസികൾ. നിർമ്മാണ ഘട്ടത്തിൽ നിരവധി പരാതികൾ ഉയർന്ന സ്ഥലമായിട്ടും അധികൃതർ വേണ്ട ക്രമീകരണങ്ങൾ ചെയ്യാതെ റോഡ് നിർമ്മാണം പൂർത്തിയാക്കി മടങ്ങി. ഇതോടെ ദുരിതത്തിലായത് പതിനൊന്നു കുടുംബങ്ങൾ. മക്കപ്പുഴയ്ക്കും പ്ലാച്ചേരിക്കും മദ്ധ്യേയാണ് വീടുകളിലേക്കുള്ള ഇറങ്ങാനുള്ള വഴിയിൽ തോടുപോലെ വെള്ളമൊഴുകുന്നത്. കിലോമീറ്ററുകൾ ഒഴുകിയെത്തുന്ന വെള്ളം പോകാനായി കലിങ്കില്ലാത്തതാണ് കെണിയായിരിക്കുന്നത്. ഇതുമൂലം വെള്ളം വീടുകളുടെ വഴികളിലേക്കും സമീപത്തെ പറമ്പുകളിലേക്കും ഇരച്ചെത്തുകയാണ്. കൂടാതെ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകളും ചെളിവെള്ളം നിറയുന്ന അവസ്ഥയാണ്. സംസ്ഥാന പാതയുടെ ഉയരം വർദ്ധിപ്പിച്ചപ്പോൾ ഇടറോഡിലേക്ക് കയറാൻ കുത്തനെയുള്ള വഴിയൊരുക്കിയത് പരാതിപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ പരിഹരിച്ചിരുന്നു. ഇതിനൊപ്പം കുത്തിയൊലിച്ചെത്തുന്ന വെള്ളം ഓടകളിലേക്ക് എത്തിക്കാനുള്ള മാർഗങ്ങളൊന്നും ചെയ്യാത്തതാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയത്. എത്രയും വേഗം പ്രശ്നങ്ങൾക്ക് പരിഹാരം കാട്ടണമെന്നുകാട്ടി നിർമ്മാണ കമ്പനിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ.