പന്തളം: കഴിഞ്ഞ വെള്ളപ്പൊക്കങ്ങളിലെ കനത്തനഷ്ടം മൂലം നെൽകൃഷിയിൽ നിന്ന് പിൻമാറുകയാണ് കർഷകർ. കുളനട പഞ്ചായത്തിലെ മാന്തുക വെട്ടുവേലി പാടശേഖരത്തിൽ ഇത്തവണയും കൃഷി ഇറക്കിയില്ല. കഴിഞ്ഞ രണ്ട് വർഷമായി ഈ പാടശേഖരത്തിലെ കുളനട പഞ്ചായത്തിൽ ഉൾപ്പെടുന്ന 50ഹെക്ടർ നിലം തരിശുകിടക്കുകയാണ്. കുപ്പണ്ണുർ പുഞ്ചയിലും കൃഷിയില്ല. കഴിഞ്ഞ വർഷം കൃഷിയിറക്കിയ മുലപ്പുറം ഏലായിൽ ഇത്തവണ കൃഷി ചെയ്തിട്ടില്ല .പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കുളനട, വെൺമണി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പാടശേഖരമാണിത്. പാടശേഖരത്തിന് മദ്ധ്യത്തിലൂടെയുള്ള ചാലാണ് ഇരുജില്ലകളെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി. ചാൽ പൂർണമായും ആലപ്പുഴ ജില്ലയിലാണ് . വെട്ടുവേലി പാടശേഖരത്തിലെ വെൺമണി പഞ്ചായത്തിലുൾപ്പെടുന്ന 25 ഹെക്ടറും തരിശാണ്.
പുഞ്ചയുടെ മദ്ധ്യഭാഗത്തുകൂടിയുള്ള വെട്ടുവേലിചാൽ കക്കട പാലത്തിനടിയിൽ കൂടി അച്ചൻകോവിലാറ്റിലെ കഞ്ഞിക്കുഴി കടവിൽ പതിക്കുന്നു. ഈ ചാൽ പുനർനിർമ്മിച്ച് കക്കട പാലത്തിനോട് ചേർന്ന് ബണ്ട് പണിത് മോട്ടോർ സ്ഥാപിച്ചാൽ പുഞ്ചയിലെ അധിക വെള്ളം പമ്പുചെയ്ത് ആറ്റിലേക്ക് ഒഴുക്കാനും അവശ്യമുള്ളപ്പോൾ പുഞ്ചയിലേക്ക് ജലം പമ്പ് ചെയ്യാനും കഴിയും. ഒരു കോടിരൂപയോളം ഇതിന് വേണ്ടിവരും. അതിന് അധികൃതർ തയ്യാറായാൽ ഒരുപ്പൂക്കൃഷി ചെയ്യുന്ന ഈ വയലുകളിൽ ഇരുപ്പു കൃഷിയാക്കി മാറ്റാനുംകഴിയും.
കർഷകർ പറയുന്നത്
@ സർക്കാർ സൗജന്യമായി നൽകുന്ന വിത്തും തരിശുരഹിതമാക്കുന്നതിന് നൽകുന്ന തുകയും കൊണ്ട് ലാഭകരമായി കൃഷി ചെയ്യാൻ കഴിയില്ല.
@ നേരത്തെ വെള്ളംകയറി കൃഷിനാശം സംഭവിച്ച കർഷകർക്ക് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല
@ പാടത്തെ അധികവെള്ളം ആറ്റിലേക്ക് ഒഴുക്കിക്കളയാൻ സംവിധാനം വേണം