റാന്നി: കനത്തമഴയിൽ നിറയെ യാത്രക്കാരുമായെത്തിയ സ്വകാര്യ ബസ് റോഡിൽ നിന്നും തിട്ടലിലേയ്ക്ക് ഇടിച്ചിറങ്ങി. റാന്നി - അത്തിക്കയം റൂട്ടിൽ കക്കുടുമണ്ണിന് സമീപം ഇന്നലെ വൈകിട്ട് നാലരയോടാണ് സംഭവം. ബസ് മരത്തിൽ തട്ടി നിന്നതിനാൽ ആർക്കും പരിക്കേറ്റില്ല. കനത്ത മഴയും കാറ്റും ഉള്ളപ്പോഴായിരുന്നു സംഭവം.ഓടിക്കൂടിയ നാട്ടുകാർ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി.വലിയ ഇറക്കം ഇറങ്ങി വന്ന ബസ് വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് കുഴിയിലേക്ക് ചരിഞ്ഞത്.റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിച്ച ശേഷം ഇവിടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു. അപകടങ്ങൾ ഏറിയതോടെ ഇവിടെ സിഗ്‌നൽ ലൈറ്റും സ്ഥാപിച്ചിരുന്നു. ഒരു മാസം മുമ്പ് ഇതേ സ്ഥലത്തു കാർ അപകടത്തിൽപ്പെട്ടിരുന്നു.