nadodi
നാടോടി നൃത്തവേദി​യി​ലെ മത്സരാർത്ഥി​

പത്തനംതിട്ട : വർണ്ണവ​സ്​​ത്ര​ങ്ങ​ളിൽ നാടൻശീലുകളുടെ ചുവടിൽ കുറവനും കുറത്തിയും നിറഞ്ഞാടിയത് യുവത്വം മനം നിറഞ്ഞ് ആസ്വദിച്ചു. പ്രധാനവേദിയായ ജില്ലാസ്‌റ്റേഡിയത്തിൽ രാവിലെ പത്തിന് തുടങ്ങിയ നാടോടിനൃത്തത്തിലെ സിംഗിൾ ഇനങ്ങളിലെ മത്സരം രാത്രി വൈകിയും നീണ്ടു. നാ​ടോ​ടി​ വേഷമണിഞ്ഞ വിദ്യാർഥികൾ മു​ളംകു​ട്ട​ക​ളും ഓ​ല​ക്കു​ട​ക​ളും പ​ക്ഷി​ക്കൂ​ടു​ക​ളു​മാ​യി വേ​ദി​യി​ൽ കാ​ഴ്​​ച​യു​ടെ വി​സ്​​മ​യ​ച്ചെ​പ്പ് തു​റ​ന്നു. പെ​ൺ​കു​ട്ടി​ക​ളും അ​വ​രെ വെ​ല്ലു​ന്ന മെ​യ്‌​വ​ഴ​ക്ക​വും ച​ടു​ല​താ​ള​ങ്ങ​ളു​മാ​യി ആ​ൺ​കു​ട്ടി​ക​ളും വേ​ദി​യി​ൽ നിറഞ്ഞു. ചൂ​ഷ​ണ​ത്തി​നും അ​ടി​ച്ച​മ​ർ​ത്ത​ലി​നും വി​ധേ​യ​രാ​വു​ന്ന കീ​ഴാ​ള​രും അ​വ​രു​ടെ ചെ​റു​ത്തു​നി​ൽ​പ്പും ആ​യി​രു​ന്നു പ്രധാന വിഷയങ്ങൾ. ആദിവാസികളുടെയും പാടത്തുപണിയെടുക്കുന്ന കർഷകത്തൊഴിലാളികളുടെയും നൊമ്പരങ്ങളും, ഫ്യൂഡൽ വ്യവസ്ഥിതിയിലെ അടിമ ഉടമ ബന്ധവും മിക്കവരും പ്രമേയങ്ങളാക്കി. കാർഷിക സമൂഹത്തിന്റെ ജീവിതരീതികളും വിശ്വാസങ്ങളും വേദിയിൽ ചുവടുകളായി അവതരിപ്പിക്കപ്പെട്ടു.