പത്തനംതിട്ട : ഉച്ചവരെയുള്ള കനത്ത ചൂടിലും മത്സരത്തിനായുള്ള മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിലും വാടി തളർന്ന് കുട്ടികൾ. മത്സരങ്ങൾ കഴിഞ്ഞ് വേദിയിൽ വീണു പോയി പല വിദ്യാർത്ഥികളും. വേദിയിൽ അവസാന ചുവടിന് ശേഷം വീണ വിദ്യാർത്ഥികളെ അദ്ധ്യാപകരും വോളണ്ടീയർമാരും വേദിയിൽ നിന്ന് എടുത്ത് കൊണ്ടാണ് പോയത്. നിരവധി വിദ്യാർത്ഥികൾ ഒരു പോലെ മാറ്റുരക്കുന്ന വേദിയിൽ മണിക്കൂറുകൾ കഴിഞ്ഞാണ് മത്സരം അവസാനിക്കുന്നത്. മേയ്ക്കപ് ചെയ്തതിന് ശേഷം ഭക്ഷണം കഴിയ്ക്കാൻ കഴിയാത്തതിനാൽ പലരും ക്ഷീണാവസ്ഥയിലാണ് അരങ്ങിലെത്തിയത്. രാവിലെ 9ന് ആരംഭിക്കുമെന്ന് പറഞ്ഞ മത്സരങ്ങൾ പലതും പത്തരയ്ക്ക് ശേഷമാണ് ആരംഭിച്ചത്. രാവിലെ മേയ്ക്കപ്പ് ചെയ്ത് കാത്തിരുന്ന വിദ്യാർത്ഥികൾ പലർക്കും മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഏറെ വൈകിയാണ്. വൈകിട്ട് അഞ്ചരയ്ക്കാണ് മത്സരങ്ങൾ അവസാനിച്ചത്. രാത്രി ആരംഭിച്ച മത്സരങ്ങളും വെളുക്കുവോളം നീണ്ടു.