പത്തനംതിട്ട: മത്സരാത്ഥികൾക്ക് ആത്മവിശ്വാസവും പ്രചോദനവും പകർന്ന് കലോത്സവവേദിയിൽ മുൻ കലാതിലകം അമലു ശ്രീരംഗ് എത്തി. കാതോലിക്കേറ്റ് കോളേജിൽ നൃത്തമത്സരങ്ങൾ നടക്കുന്ന മൂന്നാംവേദിയിലാണ് ഇന്നലെ ഉച്ചയ്ക്കുശേഷം അമലു എത്തിയത്. മത്സരത്തിന്റെ പിരിമുറക്കം മാറ്റി മനസിനെ ശാന്തമാക്കി ആത്മവിശ്വാസത്തോടെ നൃത്തംചെയ്യാൻ അമലു മത്സരാർത്ഥികളെ ഉപദേശിച്ചു. മനസിനെ ശാന്തമാക്കാനുളള പൊടിക്കൈകളും പറഞ്ഞുനൽകി.

2020-21 ൽ തൊടുപുഴയിൽ നടന്ന കലോത്സവത്തിലാണ് അമലു നൃത്ത ഇനങ്ങളിൽ തിളങ്ങി കലാതിലകപട്ടം അണിഞ്ഞത്. ചങ്ങനാശേരി മീഡിയാ വില്ലേജിലെ പി.ജി ആനിമേഷൻ വിദ്യാർത്ഥിയായിരുന്ന അമലു യൂണിവേഴ്സിറ്റി കലോത്സവത്തിൽ അതുവരെയുള്ള ചരിത്രവും അന്ന് തിരുത്തിക്കുറിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, നാടോടിനൃത്തം എന്നീ ഇനങ്ങളിൽ ഒരാൾത്തന്നെ ഒന്നാംസ്ഥാനം നേടുന്നത് അന്ന് ആദ്യമായാണ്. നൃത്തത്തിന് പുറമേ വീണ വായനയിലും അന്ന് ഒന്നാംസ്ഥാനം ലഭിച്ചു. നൃത്തമത്സരത്തിലെ തന്റെ നേട്ടം ഇത്തവണ തിരുത്തപ്പെടുമോ എന്ന് കാത്തിരിക്കുകയാണ് അമലു
നൃത്തത്തോടൊപ്പം ആനിമേഷൻ രംഗത്തും അമലു ഇപ്പോൾ സജീവമാണ്. ജോലിക്കും നൃത്തത്തിനുമൊപ്പം ഇൻസ്ട്രമെന്റൽ മ്യൂസിക്കിലും ചിത്രരചനയിലും പഠനം നടത്തുന്നു. വീടിന് സമീപം കലാമന്ദിർ സ്കൂൾ ഒഫ് ആർട്സ് ആൻഡ് മ്യൂസിക് എന്ന സ്ഥാപനവും നടത്തുന്നുണ്ട്. എസ്.എൻ.ഡി. പി യോഗം ചെങ്ങന്നൂർ യൂണിയൻ കൺവീനർ ചെങ്ങന്നൂർ ബുധനൂർ ശ്രീരംഗത്തിൽ അനിൽ പി. ശ്രീരംഗത്തിന്റെയും വിജിമോൾ മാടപ്പള്ളിയുടെയും ഏകമകളാണ് അമലു ശ്രീരംഗ്.