തിരുവല്ല : ശക്തമായി പെയ്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ പൊടിയാടിയിൽ കടപുഴകിയ കൂറ്റൻ മരം 11 കെ.വി മുകളിലൂടെ റോഡിലേക്ക് വീണു. തിരുവല്ലയിൽ നിന്നുമെത്തിയ അഗ്നിശമന സേനയെത്തി മരം മുറിച്ചു നീക്കി. തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ പൊടിയാടി വെട്ടത്തിൽ പടിയിൽ സ്വകാര്യ പുരയിടത്തിൽ നിന്നിരുന്ന പാലമരമാണ് ഇന്നലെ വൈകിട്ട് ആറു മണിയോടെ മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ നിലം പതിച്ചത്. നാല് വൈദ്യുത പോസ്റ്റുകൾക്ക് കേടുപാട് സംഭവിച്ചു. വൈദ്യുത കമ്പികൾ പൊട്ടി വീണു. സംഭവത്തെ തുടർന്ന് മണിപ്പുഴ സെക്ഷൻ പരിധിയിലെ പൊടിയാടി, മണിപ്പുഴ, പെരിങ്ങര തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു. രാത്രി വൈകിയും വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.