തിരുവല്ല: പൊടിയാടി - തിരുവല്ല റോഡ് നിർമ്മാണം തുടങ്ങി ഒന്നര വർഷത്തോളമായിട്ടും ഓട നിർമ്മാണം പൂർത്തിയായില്ല. ഓടയിൽ വീണ് നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ട് കാറുകളാണ് ഓടയിൽ വീണത്. കാവുംഭാഗത്ത് ദേവസ്വംബോർഡ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഇന്നലെ രാവിലെ 11.30ന് പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ഓടയിൽ വീണതാണ് ഒടുവിലത്തെ സംഭവം. തുകലശേരി സ്വദേശി വർഗീസ് സഞ്ചരിച്ചിരുന്ന ഹോണ്ട സിറ്റി കാറാണ് അപകടത്തിൽപ്പെട്ടത്. പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഓടയുടെ മേൽ മൂടിയില്ലാത്ത ഭാഗത്തേക്ക് വീഴുകയായിരുന്നു. ഭാഗ്യത്തിന് ആർക്കും പരിക്കില്ല. കാറിന്റെ മുൻവശം ഭാഗീകമായി തകർന്നു. ഞായറാഴ്ച വൈകിട്ട് ഏറങ്കാവ് ജംഗ്ഷനിലും സമാനമായ തരത്തിൽ കാർ ഓടയിൽ വീണ് അപകടമുണ്ടായി. പൊടിയാടി-തിരുവല്ല റോഡിന്റെ നിർമ്മാണം തുടങ്ങിയശേഷം പത്തോളം അപകടങ്ങളാണ് രാപകൽ വ്യത്യാസമില്ലാതെ ഇവിടെ ഉണ്ടായിട്ടുള്ളത്.
അപകട മുന്നറിയിപ്പില്ലെന്ന് പരാതി
വാഹന ഗതാഗതമുള്ള റോഡിൽ നിർമ്മാണം നടക്കുന്ന ഭാഗത്ത് കൃത്യമായ മുന്നറിയിപ്പ് നൽകാത്തതാണ് അപകടങ്ങൾ ഉണ്ടാക്കുന്നതെന്ന് പരാതി ഉയർന്നിട്ടുണ്ട്. രാത്രികാലത്ത് റോഡിൽ വെളിച്ചമില്ലാത്തതും അപകടങ്ങൾക്ക് കാരണമായി. കച്ചേരിപടിയിൽ കാർ അപകടത്തിൽപ്പെട്ടത് രാത്രിയാണ്. പുലർച്ചെ പത്രക്കെട്ട് എടുക്കാൻ പോയ ഏജന്റിനും കാവുംഭാഗത്ത് ഓടയിൽവീണ് പരിക്കേറ്റിരുന്നു. ഇതുകൂടാതെ വെണ്ണിക്കുളം ബുക്ക് സ്റ്റാളിന് സമീപത്തും ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ട സംഭവമുണ്ടായി. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഓടയുടെ പണികൾ നീണ്ടുപോകുന്നതിനാൽ അപകടങ്ങൾ ദിനംപ്രതി വർദ്ധിക്കുകയാണ്. അതേസമയം വൈദ്യുതി പോസ്റ്റുകൾ മാറ്റിയിടാൻ വൈകിയതാണ് ഓടയുടെ പണികൾ നീണ്ടുപോകാൻ കാരണമായതെന്ന് അധികൃതർ പറയുന്നു. മഴകാരണം വൈകിയ റോഡ് നിർമ്മാണം പൂർത്തിയാക്കാൻ മേയ് വരെയാണ് കരാർ കാലാവധി നീട്ടി നൽകിയിരിക്കുന്നത്.
- രണ്ട് ദിവസത്തിനിടെ ഓടയിൽ വീണത് രണ്ട് കാറുകൾ