പത്തനംതിട്ട: മേക്കൊഴുർ എസ്. എൻ.ഡി.പി യു.പി സ്കൂൾ ഏഴുപതിന്റെ നിറവിൽ. 1952 ൽ എസ്.എൻ.ഡി.പി യോഗം 425 -ാം നമ്പർ മേക്കൊഴുർ ശാഖയുടെ നേതൃത്വത്തിലാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ ശാഖയുടെ ഭാരവാഹികളും പ്രവർത്തകരും സ്കൂൾ സ്ഥാപിക്കാൻ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. നാൽപ്പതു വിദ്യാർത്ഥികളായിരുന്നു തുടക്കത്തിൽ. നാട്ടിലെ വീടുകളിൽ നിന്ന് ലഭിച്ച നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചാണ് കെട്ടിടം പണിതത്. ഇപ്പോൾ ഗുരുമന്ദിരം സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഓല ഷെഡിലായിരുന്നു ആദ്യകാലത്ത് സ്കൂളിന്റെ പ്രവർത്തനം. 1965 ൽ എസ്. എൻ.ഡി.പി യോഗം കോ ഓപ്പറേറ്റീവ് മാനേജുമെന്റിന് ശാഖ സ്കൂൾ കൈമാറി.എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ.വി.എസ്.സുശീലയാണ് ഹെഡ് മിസ്ട്രസ്. സ്കൂളിന്റെ എഴുപതാം വാർഷികം യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സിബിമാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ മേക്കൊഴുർ എം.ടി.എച്ച്.സ്കൂളിലെ പ്രഥമാദ്ധ്യാപകൻ ടി.രാജീവൻ നായരെ മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി ഈശോ ഹോം ലൈബ്രറി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ജോൺ വി. സാമുവേൽ എൻഡോവ്മെന്റുകളും എസ്.എൻ.ഡി.പി യോഗം മേക്കൊഴുർ ശാഖാ പ്രസിഡന്റ് സത്യപാല വിജയപണിക്കർ സ്കോളർഷിപ്പുകളും വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി. നിഷ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മേക്കൊഴുർ എം.ടി.എൽ.പി സ്കൂൾ ഹെഡ് മാസ്റ്റർ മാത്യൂസ് കുര്യൻ, സ്കൂൾ ലീഡർ അമൃത സി.എം, യോഗം പത്തനംതിട്ട യൂണിയൻ മൈക്രോ ഫിനാസ് കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്, മേക്കൊഴുർ ശാഖ സെക്രട്ടറി വി.എസ്. മോഹനൻ, സ്കൂൾ ഹെഡ് മിസ്ട്രസ് വി.എസ്. സുശീല, സീനിയർ അസിസ്റ്റന്റ് ദിവ്യ. വൈ എന്നിവർ സംസാരിച്ചു.