റാന്നി: ചെത്തോംകര എസ്.സി സ്കൂൾ പടിയിൽ പുതിയ പാലം നിർമ്മിക്കുന്നതിന് 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ എസ്. സി സ്കൂളിൽ നടന്ന ചടങ്ങിലാണ് പുതിയ പാലം അനുവദിച്ചുള്ള പ്രഖ്യാപനം നടത്തിയത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ നിന്നും ആരംഭിച്ച് എസ്.സി സ്കൂൾ പടിയിലൂടെ ചെത്തോങ്കര - അത്തിക്കയം റോഡിന് ബന്ധിപ്പിക്കുന്ന പാതയിൽ സംസ്ഥാന പാതയോട് ചേർന്ന് വീതികുറഞ്ഞ ബലക്ഷയം സംഭവിച്ച പാലമാണ് നിലവിലുള്ളത്. ദിവസേന ആയിരക്കണക്കിന് സ്കൂൾ വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന പാലമാണ് ഇത്. കഷ്ടിച്ച് നാലുചക്ര വാഹനത്തിന് കടന്നുപോകാനുള്ള വീതിയെ ഇപ്പോൾ പാലത്തിനും അപ്രോച്ച് റോഡിനും ഉള്ളൂ. അപകടാവസ്ഥയിലായ ഈ പാലം പൊളിച്ചു മാറ്റി പുതിയ പാലം നിർമ്മിക്കാനാണ് നടപടി. 5.10മീറ്റർ വീതിയിലും എട്ടു മീറ്റർ നീളത്തിലും നിർമ്മിക്കുന്ന പാലത്തിന് 60 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡിനായി വശം കെട്ടും ഉണ്ട്. മൈനർ ഇറിഗേഷനാണ് നിർമ്മാണ ചുമതല.
45 ലക്ഷം അനുവദിച്ചു