പത്തനംതിട്ട: താലൂക്ക് വികസന സഭയിൽ യാത്രാക്ളേശവും കുടിവെള്ള പ്രശ്നവും ഉന്നയിച്ച് പ്രതിനിധികൾ. അബാൻ മേൽപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി സ്വകാര്യ ബസ് സ്റ്റാൻഡ് മുതൽ എസ്.പി ഒാഫീസ് വരെ ഗതാഗതം നിരോധിക്കുന്നതിനെതിരെ ജന പ്രതിനിധകളും രാഷ്ട്രീയ നേതാക്കളും പ്രതിഷേധിച്ചു. പാലം പണി തീരാൻ രണ്ട് വർഷത്താേളം വേണ്ടിവരും. അതുവരെ ഗതാഗതം നിരോധിക്കുന്നത് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും പ്രതിസന്ധിയുണ്ടാക്കും. റോഡിന്റെ ഒരു വശം മാത്രം അടച്ച് ഗതാഗതം നിയന്ത്രിച്ച് വിടണമെന്ന് സി.പി.എെ ലോക്കൽ സെക്രട്ടറി അബ്ദുൾ ഷുക്കൂർ നിർദേശിച്ചു. ഇതിനെ ഒാമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാലും പിന്തുണച്ചു. ഇക്കാര്യം പൊലീസ്, പൊതുമരാമത്ത് വകുപ്പ്, മോട്ടോർ വാഹനവകുപ്പ്, നഗരസഭ എന്നിവരുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് തഹസിൽദാർ ജയദീപ് പറഞ്ഞു.
കെ.എസ്.ആർ.ടി.സി റോഡിൽ ബാറിന് എതിർവശം കൈവരി കെട്ടിയത് പുതിയ കെ.എസ്.ആർ.ടി.സി ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് തടസമാകുമെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കൈവരി നീക്കണമെന്ന് അവർ ആവശ്യപ്പെട്ടു. നഗരത്തിലെ മലയോര മേഖലയിലെ കുടിവെളള പ്രശ്നത്തിന് പരിഹാരം കാണണം. ചെന്നീർക്കര കേന്ദ്രീയ വിദ്യാലയം റൂട്ടിൽ നേരത്തേയുണ്ടായിരുന്ന ബസ് സർവീസ് പുനരാരംഭിക്കണം. കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ രക്ഷിതാക്കൾ പിരിവെടുത്ത് സ്വകാര്യ വാഹനങ്ങൾ വാടകക്കെടുത്തിരിക്കുകയാണ്. മലയാലപ്പഴ തുടങ്ങിയ ഗ്രാമീണ മേഖലകളിലേക്കുള്ള യാത്രാ ക്ളേശത്തിന് പരിഹാരം കാണണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.