literacy
പശ്ചിമ ബംഗാൾ പിന്റു മണ്ഡലിന്റെ വിവരങ്ങൾ ശേഖരിച്ച് ചങ്ങാതി സർവേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങാതി സർവേ തുടങ്ങി

100 ടീമുകൾ

പത്തനംതിട്ട: അന്യസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിന് ജില്ലാ സാക്ഷരതാ മിഷനും അങ്ങാടി ഗ്രാമ പഞ്ചായത്തും ചേർന്ന് നടത്തുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായി സാക്ഷരതാ സർവേ നടത്തി. റാന്നി അങ്ങാടി പഞ്ചായത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളിലും തൊഴിൽ ശാലകളിലുമായിരുന്നു സർവേ. സാക്ഷരതാ മിഷന്റെ പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കൾ, കായംകുളം എം.എസ്.എം കോളേജ് എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ, പ്രേരക്മാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ഉൾപ്പെടുന്ന നൂറുപേരുടെ സംഘം വിവിധ ടീമുകളായാണ് സർവേ നടത്തിയത്. സർവേ റിപ്പോർട്ട് ഏപ്രിൽ രണ്ടാംവാരം പ്രസിദ്ധികരിക്കും. തുടർന്ന് അതിഥി തൊഴിലാളികൾക്ക് സാക്ഷരതാ ക്ലാസുകൾ ആരംഭിക്കും. ഇതിനായി ഇൻസ്‌ട്രെക്ടർമാരെ നിയോഗിക്കും. ചങ്ങാതി പദ്ധതിക്കായി പ്രത്യേകം തയാറാക്കിയ പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ക്ലാസുകൾ നടത്തുന്നത്.
റാന്നിയിൽ പശ്ചിമബംഗാളിൽ നിന്നുള്ള പിന്റു മണ്ഡലിനെ സർവേ ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ സാക്ഷരതാ സർവേ ഉദ്ഘാടനം ചെയ്തു. റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജേക്കബ് സ്റ്റീഫൻ, റാന്നി അങ്ങാടി പഞ്ചായത്ത് മെമ്പർമാരായ ബി. സുരേഷ് കുമാർ, അഞ്ജു ജോൺ, ആൻഡ്രൂസ്, ജില്ലാ കോഓർഡിനേറ്റർ ഇ.വി. അനിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ലീല ഗംഗാധരൻ, പൊതുപ്രവർത്തകൻ നിസാംകുട്ടി, ബ്ലോക് പ്രേരക് ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.