റാന്നി : ദിനംപ്രതി പത്തിലധികം ബസുണ്ടായിരുന്ന പെരുന്തേനരുവി - കുടമുരുട്ടി റൂട്ടിൽ കൊവിഡ് കാല ദുരിതങ്ങൾ ഒഴിഞ്ഞിട്ടും സർവീസുകൾ പുനരാരംഭിക്കാത്തത് നൂറുകണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു. ഇവിടേക്കുള്ള എല്ലാ സ്വകാര്യ ബസ് സർവീസുകൾ നിലച്ചതോടെ അത്തിക്കയത്തിനും പെരുന്തേനരുവിക്കും ഇടയിലുള്ള വന്നിരപ്പൻമൂഴി ,തോണിക്കടവ്,ഉന്നതാണീ തുടങ്ങിയ ഗ്രാമീണ മേഖലകൾ വഴിയുള്ള പൊതുഗതാഗത സംവിധാനം കൂടിയാണ് നിലച്ചുപോയത്.ഇപ്പോൾ അത്തിക്കയത്തുനിന്നും പെരുന്തേനരുവി റൂട്ടിലേക്കുള്ള എല്ലാ മലയോര പ്രദേശങ്ങളിലേക്കും വൻതുക മുടക്കി ഓട്ടോറിക്ഷയിൽ യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. റാന്നിയിൽ നിന്നും അതി രാവിലെയും സന്ധ്യയ്ക്കും പെരുന്തേനരുവി വരെ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസാണ് നട്ടുകാരുടെ ഏക ആശ്രയം.രാവിലെയും വൈകിട്ടുമല്ലാതെ മറ്റു സമയങ്ങളിലും റാന്നി നഗരവുമായി ബന്ധപ്പെടാൻ കഴിയുന്ന തരത്തിലെങ്കിലും കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിക്കണമെന്നതാണ് ഏക പരിഹാരം. സ്‌കൂളുകളിലും കോളേജുകളും പഠിക്കുന്ന വിദ്യാർത്ഥികൾ ഏറെ ബുദ്ധിമുട്ടിയാണ് നഗര പ്രദേശങ്ങളിലേക്ക് എത്തുന്നത്. വിദ്യാർത്ഥികൾക്ക് പുറമെ കുടമുരുട്ടി അങ്കണവാടിയിലേക്കും, ആയുർവേദ ഡിസ്പെൻസറിയിലേക്കും ,സ്‌കൂളിലേക്കുമെത്തുന്ന അദ്ധ്യാപകരും മറ്റു യാത്രക്കാരും ഏറെ ദുരിതത്തിലാണ്. വർദ്ധിച്ച ഇന്ധന വിലയിൽ സ്വന്തം വാഹനങ്ങളിലും മറ്റും ദൂര പ്രദേശങ്ങളിലേക്ക് വരുന്നതും പോകുന്നതും ആളുകൾക്ക് ഏറെ സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ട്. അരമണിക്കൂർ ഇടവിട്ട് ബസ് സർവീസുണ്ടായിരുന്ന മലയോര മേഖലയെ സ്വകാര്യ ബസ് സർവീസുകൾ കൈയൊഴിഞ്ഞതിനാൽ കൂടുതൽ കെ.എസ് ആർ.ടി സി ബസുകൾ അനുവദിപ്പിക്കുവാൻ ജനപ്രതിനിധികൾ ഇടപെടണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.