കോന്നി : കലഞ്ഞൂർ മഹാദേവന് കാഴ്ചയുടെ വർണപ്പൂരമൊരുക്കാൻ കെട്ടുരുപ്പടികൾ തയ്യാറായി. ഇന്ന് വെകിട്ട് നാലിനാണ് കലഞ്ഞൂർ ദേശത്തിന്റെ രണ്ടുവർഷത്തെ കാത്തിരിപ്പിന് അവസാനമായി കെട്ടുകാഴ്ച നടക്കുന്നത്. മഹാദേവനും ഇണ്ടിളയപ്പനും മുന്നിൽ തിരുനാളിന്റെ തിരുമുൽ കാഴ്ചയായാണ് കെട്ടുരുപ്പടികൾ എഴുന്നെള്ളിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് മൂലം ചടങ്ങുകൾ മാത്രമാണ് നടന്നുവന്നത്. ക്ഷേത്രത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രം നടത്തപെടുന്ന പിള്ളവയ്പ് വഴിപാട് ഇന്ന് നടക്കും. സന്താനലബ്ദ്ധിക്കായി രോഹിണി ദിവസം നടത്തുന്ന വഴിപാടാണിത്. ഇന്ന് രാത്രി 3 ന് വിളക്കിനെഴുന്നെള്ളത്ത് കഴിഞ്ഞ ശേഷമാണ് പിള്ളവയ്പ് വഴിപാട് ഇണ്ടിളയപ്പൻ നടയിൽ നടത്തുന്നത്.