
പത്തനംതിട്ട : കള്ളിമുണ്ടിന് മുകളിൽ പച്ചബെൽറ്റ് മുറുക്കിയുടുത്ത് ഉറച്ച ചുവടുകളുമായി വേദിയിൽ എത്തിയ എടത്തല നോർത്ത് അൽ അമീൻ കോളേജിലെ വിദ്യാർത്ഥികൾ കോൽക്കളിയിലെ പാരമ്പര്യം കാത്തു. ആലിക്കുട്ടി ഗുരുക്കൾ രചിച്ച "മുത്തുമുഹമ്മദ് മുസ്തഫ" എന്ന പാട്ടിനൊപ്പം ചുവടുവച്ചാണ് സംഘം വേദിയെ വ്യത്യസ്ഥമാക്കിയത്. നേരത്തെയും യുവജനോത്സവത്തിൽ കോളേജിന് കോൽകളിയിൽ ഒന്നാംസ്ഥാനം ലഭിച്ചിട്ടുണ്ട്. ഗുരുക്കളായ ആമു, ഹസൻ, യാസീർ തുടങ്ങിയവർ പരിശീലിപ്പിച്ച ടീമുകളും വേദിയിൽ എത്തിയിരുന്നു. മലബാറിന്റെ പാരമ്പര്യകലയായ കോൽകളിയുടെ താളച്ചുവടുകളോരോന്നും ഇഴപിരിയാതെ പെയ്ത വേദിയിൽ ആസ്വാദകരും നിറഞ്ഞിരുന്നു. ബദർ പാട്ടുകളിൽ നിന്നുള്ള ഇശലുകൾ പാടി കോലുകൊട്ടി താളമിട്ട് മാപ്പിള സംസ്കാരത്തിന്റെ പുകഴുകൾ അറിയിക്കുന്ന രീതിയിലാണ് കോൽകളി ചിട്ടപ്പെടുത്തിയിരിക്കുന്നത്. അറയ്ക്കൽ രാജാവിന്റെ സ്ഥാനാരോഹണത്തിന് അവതരിപ്പിച്ച കലാരൂപമാണിതെന്നാണ് പറയപ്പെടുന്നത്. പൈതൽ മരയ്ക്കാറുടെ പരിശ്രമവും ടി.പി.ആലിക്കുട്ടി ഗുരുക്കളുടെ ഗവേഷണവുമാണ് കോൽകളിയെ ശ്രദ്ധേയമാക്കിയത്. മാറംപള്ളി എം.ഇ.എസ് കോളേജും തൊടുപുഴ അൽ അസ്ഹർ കോളേജും രണ്ടാം സ്ഥാനംപങ്കിട്ടു. കോന്നി വി.എൻ.എസ് കോളേജ് മൂന്നാം സ്ഥാനവും നേടി.