ചെങ്ങന്നൂർ: പമ്പാ നദിയെ അച്ചൻകോവിലാറിന്റെ കൈവഴിയായ കുട്ടമ്പേരൂർ ആറുമായി ബന്ധിപ്പിക്കുന്ന ഇല്ലിമലയാറ്റിൽ നീരൊഴുക്ക് നിലച്ചു. ഇല്ലിമലയാർ തുടങ്ങുന്ന നാക്കട മുതൽ കുട്ടമ്പേരൂർപുഴയുമായി യോജിക്കുന്ന ഇല്ലിമല വരെയുള്ള ഭാഗത്താണ് നീരൊഴുക്ക് നിലച്ചിരിക്കുന്നത്. പ്രദേശത്തു പരുത്തി, മുളം കാടുകൾ മൂടി നിൽകുന്നത് നദിയുടെ സ്വാഭാവിക നീരൊഴുക്കിനെ തടസപ്പെടുത്തിയിരിക്കുകയാണ്. പാണ്ടനാട് പഞ്ചായത്ത് 13-ാം വാർഡിന്റെ ഭാഗമായി വരുന്ന പ്രദേശത്താണ് ഇതുമൂലം നദിയുടെ ഒഴുക്കു നിലച്ചിരിക്കുന്നത്. നിലവിൽ നവീകരണ പ്രവൃത്തികൾ നടന്നു കൊണ്ടിരിക്കുന്ന കുട്ടമ്പേരൂർ ആറിന്റെയും, ഇല്ലിമല-മൂഴിക്കൽ തോടിന്റെയും പൂർണ പ്രയോജനം പ്രദേശവാസികൾക്കു ലഭിക്കണമെങ്കിൽ ഇല്ലിമലയാർ തെളിഞ്ഞു ഒഴുകണം.

വെള്ളംകയറിയാൻ ഒറ്റപ്പെടും

കഴിഞ്ഞ മഹാപ്രളയത്തിലടക്കം വെള്ളം കയറിയ സമയത്തു തീർത്തും ഒറ്റപ്പെട്ടു പോയ പ്രദേശമാണ് നാക്കട ഭാഗം. ഒരാഴ്ച തുടർച്ചയായി മഴ പെയ്താൽ നാക്കടക്കാരുടെ മനസിൽ ഭീതിയാണ്. പ്രളയത്തിലെ ദുരന്തചിത്രം ഇനിയും ഒഴിഞ്ഞു പോയിട്ടില്ല. പ്രധാന റോഡിൽ നിന്നും ഏറെ താഴ്ന്നു കിടക്കുന്ന പ്രദേശമാണ് നാക്കട. വെള്ളപ്പൊക്കത്തിൽ ഒരു കിലോമീറ്ററോളം ശക്തമായ ഒഴുക്കിലൂടെ നീന്തിയാണ് പ്രദേശവാസികൾ സമീപത്തെ പ്രധാന പാലമായ ഇല്ലിമല വരെയെത്തിയത്. അന്ന് മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾക്ക് പോലും പ്രദേശത്തേക്ക് കടന്നുവരാനായില്ല. നദിയുടെ അടിത്തട്ടിൽ അടിഞ്ഞു കൂടിയ ചെളിയും, മണ്ണും നീക്കം ചെയ്തു ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

പാലം നിർമ്മാണം വാഗ്ദാനത്തിലൊതുങ്ങി

പ്രളയശേഷം നാക്കടക്കാരുടെ പ്രധാന ആവശ്യമായിരുന്നു മറുകരയിലേക്കുള്ളൊരു പാലം. കഴിഞ്ഞ തിരഞ്ഞെടുപ്പു സമയത്തും പാലം ഉടൻ നിർമ്മിക്കുമെന്ന പ്രഖ്യാപനങ്ങളുണ്ടായി. നിലവിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രി സംവിധാനവുമില്ല. പാലമെത്തിയാൽ ഒന്നര കിലോമീറ്ററിൽ പരുമലയിലെ ആശുപത്രിയിലെത്താം. വെള്ളപ്പൊക്ക ഭീഷണിയുണ്ടായാലും പരുമലയ്ക്കും, തിരുവല്ല ഭാഗത്തേക്കും വേഗത്തിലെത്താനും കഴിയും.