06-kettukazcha-1
തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ ഗരുഡൻ തൂക്കവും നേർച്ചത്തൂക്കങ്ങളും

തട്ടയിൽ:ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ ഗരുഡൻ തൂക്കവും നേർച്ചത്തൂക്കങ്ങളും ഭക്തിസാന്ദ്രമായി.
ഗരുഡവേഷം കെട്ടിയ തൂക്കക്കാരൻ തൂക്കവില്ലിലുയർന്നപ്പോൾ കരക്കാർ വില്ല് ക്ഷേത്രത്തിനു പ്രദക്ഷിണം വച്ചു. ഗരുഡൻതൂക്കം കഴിഞ്ഞതോടെ തിങ്കളാഴ്ച രാത്രി കിഴക്കും പടിഞ്ഞാറും പന്തികളിൽ നിരത്തിവച്ച കെട്ടുകാഴ്ചകളുമായി കരക്കാർ ക്രമമനുസരിച്ച് പ്രദക്ഷിണം വച്ചു. ഇടമാലി കൊച്ചുകാള, ഭഗവതിക്കും പടിഞ്ഞാറ് കൊച്ചുകാള, പാറക്കര കൊച്ചുകാള, ഇടമാലി തേര്, ഭഗവതിക്കുപടിഞ്ഞാറ് തേര്, പാറക്കര തേര്, പടുക്കോട്ടുക്കൽ തേര്, മല്ലിക തേര്, പൊങ്ങലടി തേര്, മല്ലിക വലിയകാള, ഭഗവതിക്കും പടിഞ്ഞാറ് വലിയകാള, വയലിനും പടിഞ്ഞാറ് വലിയകാള എന്നിവ ഉണ്ടായിരുന്നു. പിന്നീട് ചെറുതും വലുതുമായ വഴിപാട് കെട്ടുരുപ്പടികളും ക്ഷേത്രത്തിനു മൂന്നുതവണ പ്രദക്ഷിണം വച്ചശേഷം കിഴക്കും പടിഞ്ഞാറുമുള്ള പന്തികളിൽ നിരത്തിവച്ചു.
കെട്ടുകാഴ്ചകളുടെ പ്രദക്ഷിണം പൂർത്തിയായതോടെ തുക്കവില്ല് ക്ഷേത്ര നടയ്ക്ക് നേരെ എത്തിച്ച് നേർച്ചത്തൂക്കങ്ങൾ ആരംഭിച്ചു. എഴു കരക്കാരുടെ പേരിലാണ് തൂക്കങ്ങൾ നടന്നത്. ആദ്യം തൂക്കക്കാരൻ ഒറ്റയ്ക്കും പിന്നീട് കുട്ടികളെ എടുത്തും തൂക്കവില്ലുയർത്തി. കുട്ടികളെ കൈകളിലെടുത്ത തൂക്കക്കാർ വില്ലിലുയർന്ന് പയറ്റഭ്യാസങ്ങൾ നടത്തി. വില്ലിൽ നിന്ന് താഴെയിറങ്ങി പ്രദക്ഷിണം വച്ചു. ഇത്തവണ ഇരുനൂറിലധികം തൂക്കങ്ങളാണ് ഒരിപ്പുറത്ത് നടന്നത്.