gopalan-nair
ഗോപാലൻ നായർ

ഈരാറ്റുപേട്ട: ഇടതുകൈയും കാലുകളും ബന്ധിച്ച നിലയിൽ വൃദ്ധനെ മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. അടൂർ പിള്ള എന്നറിയപ്പെടുന്ന അടൂർ പഴകുളം സ്വദേശി ചന്ദ്രവിലാസം ഗോപാലൻ നായർ (77) ആണ് മരിച്ചത്. ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിലെ പാലത്തിനടിയിൽ ഇന്നലെ രാവിലെ ഇടതു കൈയും കാലുകളും ഉടുമുണ്ടും വള്ളിയും കൊണ്ട് ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടത്.

കൂലിപ്പണിക്കാരനായ ഇയാൾ 20 വർഷമായി തിടനാട്ട് വാടക മുറിയിൽ തനിച്ചാണ് താമസിച്ചിരുന്നത്. രണ്ടര വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയെങ്കിലും കുറച്ചുനാൾ മുമ്പ് തിരികെയെത്തി. എന്നാൽ കഴിഞ്ഞ 23ന് കാണാതായി. വീട്ടുകാരുടെ പരാതിയിൽ 28ന് അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ആറിന്റെ കരയിൽ തുണിയും മറ്റും പ്ലാസ്റ്റിക് കവറിലാക്കിവച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വലതുകൈ കൊണ്ട് മുണ്ടും വള്ളിയും ഉപയോഗിച്ച് കാലുകളും ഇടതുകൈയും ചേർത്ത് കെട്ടിയ ശേഷം ആറ്റിലേക്ക് ചാടിയതാവാമെന്നാണ് നിഗമനം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: രാധാമണി.