തിരുവല്ല : അരനൂറ്റാണ്ടിലേറെ പഴക്കം, അപകടാവസ്ഥയും. പുതിയ പാലത്തിന് ഭരണാനുമതിയും ലഭിച്ചു. എന്നിട്ടും കോതേകാട്ട് പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കാനുള്ള നടപടികൾ വൈകുകയാണ്. തിരുവല്ല നഗരസഭയെയും പെരിങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കോതേക്കാട്ട് പുതിയ പാലത്തിന് കഴിഞ്ഞ ഡിസംബറിൽ 5.13 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതാണ്. എന്നാൽ തുടർനടപടികൾ വൈകുന്നതിനാൽ ഈ വേനൽക്കാലത്തും പണികൾ നടക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ നിന്ന് പെരിങ്ങര പഞ്ചായത്ത് പത്താം വാർഡിലേക്ക് നേരിട്ട് പ്രവേശിക്കുവാനുള്ള കോതേക്കാട്ട് പാലം കാരയ്‌ക്കൽ തോടിന് കുറുകെയാണ് നിർമ്മിക്കുന്നത്. നിലവിൽ ഇവിടെ ചവുട്ടുപടി പാലമാണ് ഉള്ളത്. രണ്ടുസ്പാനുകളിലായി 20 മീറ്റർ നീളത്തിലും ഒരു വശത്ത് നടപ്പാതയോടു കൂടി 9.75 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ അനുബന്ധ പാതയുടെ വീതികൂട്ടി ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുനർ നിർമ്മിക്കുവാനാണ് പദ്ധതി. എന്നാൽ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള ജോലികൾ വൈകുകയാണ്.
പതിനെട്ടാംപടി കയറണം
നിലവിലെ പാലത്തിന്റെ ഇരുവശങ്ങളിലുമായി 36 ചവിട്ടുപടികളുണ്ട്. ഈ ചവിട്ടുപടികൾ കടന്നുവേണം നാട്ടുകാർക്ക് പാലത്തിന്റെ അക്കരെയിക്കരെ കടക്കാൻ. ഇതുകാരണം പ്രായമായവരും സ്ത്രീകളുമൊക്കെ പാലം കടക്കാൻ ബുദ്ധിമുട്ടുകയാണ്. സ്‌കൂട്ടർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കൊന്നും ഇതുവഴി കടന്നുപോകാനാകില്ല. കാലപ്പഴക്കത്താൽ ചവിട്ടുപടികൾ പലതും പൊട്ടിപ്പൊളിഞ്ഞു അസ്ഥിപഞ്ജരം പോലെയായി. തകർന്ന പടിക്കെട്ടുകളും കൈവരികളുമുള്ള പാലത്തിന്റെ ബീമുകളും തകർച്ചയുടെ വക്കിലാണ്. നല്ല പാലം ഇല്ലാത്തതിനാൽ പ്രദേശത്തിന്റെ വികസനം മുരടിച്ചു. പുതിയ പാലം നിർമ്മിച്ചാൽ പെരിങ്ങര പഞ്ചായത്തിലെ കാരയ്‌ക്കൽ, നഗരസഭയിലെ പെരിങ്ങോൾ നിവാസികൾക്ക് യാത്രാദൂരം ലാഭിക്കാനാകും. വാഹന ഗതാഗതം സാദ്ധ്യമാകുന്ന പുതിയ പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുമ്പ് പാലം പണിയാൻ മണ്ണ് പരിശോധനയടക്കം നടത്തുകയും ചെയ്തതാണ്. പുതിയ പാലം നിർമ്മിക്കാൻ 2003ൽ ശിലാഫലകം സ്ഥാപിച്ച ചരിത്രവും ഈ പാലത്തിന് പറയാനുണ്ട്.
പുതിയ പാലം നിർമ്മാണത്തിനും അപ്പ്രോച്ച് റോഡിനുമായി ഏറ്റെടുക്കേണ്ട ഇരുവശങ്ങളിലുമുള്ള സ്ഥലങ്ങൾ അളന്ന് തിട്ടപ്പെടുത്തുന്ന ജോലികൾ വൈകുന്നു. സ്ഥലം ഏറ്റെടുക്കൽ ജോലികൾ പൂർത്തിയായാൽ നിർമ്മാണം തുടങ്ങാനാകും.
പൊതുമരാമത്ത് അധികൃതർ