acci
എം.സി റോഡിൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ്സും ടോറസും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം

ചെങ്ങന്നൂർ: എം.സി. റോഡിൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് ജംഗ്ഷനിലെ റൗണ്ട് എബൗട്ടിൽ കെ.എസ്.ആർ.ടി.സി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു. ബസിലെ യാത്രക്കാരിക്ക് പരിക്കേറ്റു. വെണ്മണി പുന്തല ശ്രീശൈലത്തിൽ ലിബി സന്തോഷ് (45)നാണ് പരിക്കേറ്റത്. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാവിലെ 11.30നായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് വടകരയ്ക്കു പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് എം.സി റോഡിൽ നിന്ന് കോടുകുളഞ്ഞി റോഡിലേക്ക് തിരിഞ്ഞ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. ലോറി റൗണ്ട് എബൗട്ട് പൂർണമായും കയറിയിരുന്നു.

എം.സി. റോഡിൽ അപകടങ്ങൾ വർദ്ധിച്ചപ്പോഴാണ് ആഞ്ഞിലിമൂട് ജംഗ്ഷനിൽ റൗണ്ട് എബൗട്ട് അടക്കം നിർമ്മിച്ചത്. ചെങ്ങന്നൂർ -അടൂർ സുരക്ഷാ ഇടനാഴി പദ്ധതിയുടെ ഭാഗമായി 86 ലക്ഷം രൂപ ചെലവിലായിരുന്നു ജംഗ്ഷന്റെ സമഗ്ര നവീകരണം. എം.സി റോഡിലേക്ക് കൊല്ലം തേനി ദേശീയപാതയിലെ കൊല്ലകടവ് കോടുകുളഞ്ഞി റോഡ് പ്രവേശിക്കുന്നത് ഇവിടെയാണ്.

സിഗ്നൽ സംവിധാനമില്ല

റൗണ്ട് എബൗട്ട് കയറുന്നതിനായി സിഗ്‌നൽ സ്ഥാപിച്ചിട്ടില്ലാത്തതും, തിരിയുന്നതിലെ ധാരണക്കുറവും അപകടങ്ങൾക്കു കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. കോടുകുളഞ്ഞി, മാവേലിക്കര ഭാഗത്തേക്കുള്ള ബസുകളും വളവിന് സമീപം നിറുത്തുന്നതിനാൽ എം.സി റോഡിൽ നിന്നുവരുന്ന വാഹനങ്ങളുടെ കാഴ്ച മറയുന്നുണ്ട്. സിഗ്‌നൽ സംവിധാനം സ്ഥാപിക്കുകയും ബസ് സ്റ്റോപ്പ് ക്രമീകരിക്കുകയും വേണം. കൊല്ലകടവ് -കോടുകുളഞ്ഞി റോഡിലെ ഉയർന്ന ഭാഗത്തുനിന്ന് വാഹനങ്ങൾ എം.സി റോഡിലേക്കു പ്രവേശിക്കുമ്പോഴും എം.സി റോഡിൽ നിന്ന് കോടുകുളഞ്ഞി റോഡിലേക്ക് കടക്കുമ്പോഴുമാണ് അപകടങ്ങളേറെയും നേരത്തെയുണ്ടായത്.