പത്തനംതിട്ട : കൊവിഡ് കുറഞ്ഞു... എങ്കിലും ആശ്വസിക്കാൻ വകയില്ല. ജില്ലയുടെ ആരോഗ്യ സ്ഥിതി നന്നേ മോശമായി തന്നെയാണ് തുടരുന്നത്. ഡെങ്കി, എലിപ്പനി, പേവിഷ ബാധ കേസുകൾ ജില്ലയിൽ വ്യാപിക്കുകയാണ്. നിലവിലുള്ള കേസുകൾ മുൻ വർഷങ്ങളേക്കാൾ കൂടുതൽ ആണ് റിപ്പോർട്ട് ചെയ്യുന്നത്. ലോക്ക് ഡൗണും അടച്ചിടീലിനും ശേഷം എല്ലാമേഖലയും സജീവമായി തുടങ്ങി. രണ്ട് വർഷം കൊവിഡിനായി മാത്രം ശ്രദ്ധ ചെലുത്തിയതോടെ മറ്റുള്ള രോഗങ്ങൾ വ്യാപിച്ചു. എലിപ്പനി ബാധിച്ച് രണ്ടുമരണവും പേവിഷബാധയെ തുടർന്ന് ഒരു മരണവും ജില്ലയിൽ റിപ്പോർട്ട് ചെയ്തു. എലിപ്പനി ജനുവരി മുതൽ മാർച്ച് വരെ കഴിഞ്ഞ വർഷം പത്ത് കേസുകൾ റിപ്പോർട്ട് ചെയ്തയിടത്ത് ഈ വർഷം 56 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡിന് മുമ്പ് ചെയ്തിരുന്ന മാലിന്യ നിർമ്മാർജനം, പ്ലാസ്റ്റിക് പുനരുപയോഗം എന്നിവയൊക്കെ കുറഞ്ഞതാണ് പ്രധാന കാരണം. ജില്ലയുടെ ആരോഗ്യം തിരിച്ച് പിടിക്കാൻ പുതിയ പദ്ധതികൾ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യ വകുപ്പ്.
ജനറൽ ആശുപത്രിയിൽ പീഡിയാട്രിക് ഐ.സി.യു
കൊവിഡ് നാലാംതരംഗം കുട്ടികളിലേക്കെത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് ജനറൽ ആശുപത്രിയിൽ പിഡീയാട്രിക് ഐ.സി.യു ഒരുങ്ങുന്നു. നാഷണൽ ഹെൽത്ത് മിഷൻ കൊവിഡ് പാക്കേജ് ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്കായുള്ള പീഡിയാട്രിക് ഐ.സി.യു അടക്കം ക്രമീകരിക്കുകയാണ് വകുപ്പ്. മന്ത്രി വീണാജോർജിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് നാൽപ്പത് ലക്ഷം രൂപയും എൻ.എച്ച്.എം കൊവിഡ് പാക്കേജ് ഫണ്ടിന്റെ 30 ലക്ഷം രൂപയും ഉപയോഗിച്ച് 16 ഐ.സി.യു കിടക്കകളാണ് കുട്ടികൾക്കായി ഒരുക്കുന്നത്. കുട്ടികളിൽ വാക്സിനേഷൻ എടുത്ത വിദ്യാർത്ഥികളുടെ എണ്ണം കുറവാണ്. 34,181 വിദ്യാർത്ഥികളിൽ 1975 പേർക്ക് മാത്രമേ ഇതുവരെ വാക്സിനേഷൻ എടുത്തിട്ടുള്ളു. പരീക്ഷ നടക്കുന്നതിനാലാണ് നിലവിൽ വിദ്യാർത്ഥികൾ വാക്സിൻ എടുക്കാൻ വിമുഖത കാട്ടുന്നതെന്ന് അധികൃതർ പറയുന്നു. കോർബിവാക്‌സ് വാക്‌സിനാണ് കുട്ടികൾക്ക് നൽകുന്നത്.