ചെങ്ങന്നൂർ: പട്ടാപ്പകൽ നഗര മദ്ധ്യത്തിലുളള മൊബൈൽ കടയിൽ മോഷണശ്രമം. ഇന്നലെ ഉച്ചയോടെ എം.സി റോഡിൽ ബഥേൽ ജംഗ്ഷനു സമീപമുളള ശിവശക്തി മൊബൈൽ ഷോപ്പിലാണ് കവർച്ചാ ശ്രമം നടന്നത്. കടയുടമ ജയപാൽ ഷട്ടർ താഴ്ത്താതെ ഗ്ളാസ് ഡോർ മാത്രം പൂട്ടി ഊണു കഴിക്കാൻ വീട്ടിൽ പോയ സമയത്താണ് കവർച്ചാ ശ്രമം നടന്നത്. അപരിചിതമായ ശബ്ദം കേട്ട് അടുത്ത കടക്കാരൻ ഇറങ്ങി വന്നു നോക്കിയപ്പോഴേക്കും മോഷ്ടാവ് കടന്ന് കളത്തിരുന്നു. ഗ്ളാസ് വാതിലിന്റെ പൂട്ട് തകർക്കപ്പെട്ട നിലയിലായിരുന്നു. സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കടയുടമ പറഞ്ഞു. ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.