rto
പത്തനംതിട്ട കോളേജ് റോഡിൽ വൺവേ തെറ്റിച്ചു വേ വാഹനങ്ങൾ ആര്‍.ടി.ഒ എ.കെ. ദിലുവിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുക്കുന്നു

പത്തനംതിട്ട: വൺവേ തെറ്റിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പത്തനംതിട്ട നഗരത്തിൽ ആർ.ടി.ഒ എ.കെ. ദിലുവിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തി. കാമറ ഉപയോഗിച്ച് മഫ്തിയിലും അല്ലാതെയുമായി നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ 17 വാഹന ഉടമകൾക്കെതിരെ കേസെടുത്തു.
മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത്, തീവ്രതയേറിയ ലൈറ്റുകൾ, ലൈറ്റുകളുടെ നിയമവിരുദ്ധ ഉപയോഗം എന്നിവയ്‌ക്കെതിരെ രാത്രികാല വാഹന പരിശോധന ഏപ്രിൽ നാലു മുതൽ 13 വരെ ഓപ്പറേഷൻ ഫോക്കസ് എന്ന പേരിൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിലും രാത്രികാല പരിശോധന നടത്തിവരികയാണ്. തുടർച്ചയായി വൺവേ തെറ്റിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ആർ.ടി.ഒ പറഞ്ഞു. പത്തനംതിട്ട എം.വി.ഐ യു.സുനിൽകുമാർ, എ.എം.വി.ഐമാരായ എസ്. വാഗീശ്വരൻ, എ. സമീർ എന്നിവർ പങ്കെടുത്തു.