kettukazhcha-
കലഞ്ഞൂർ മഹദേവർ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചു നടന്ന കെട്ടുകാഴച

കോന്നി: കലഞ്ഞൂർ മഹദേവർ ക്ഷേത്രത്തിലെ കെട്ടുകാഴ്ച ഭക്തിസാന്ദ്രമായി. ഇന്നലെ വൈകിട്ട് കാഴ്ച ശ്രീബലി എഴുന്നെള്ളത്തിനൊപ്പമാണ് കെട്ടുരുപ്പടികളെ സ്വീകരിക്കുന്നതിനായി ക്ഷേത്രത്തിൽ നിന്ന് എഴുന്നെള്ളത്ത് പുറപ്പെട്ടത് . ആദ്യം കിഴക്കേ കരയിൽ നിന്നുള്ള കെട്ടുരുപ്പടികളെ കിഴക്കേ ആൽത്തറ മണ്ഡപത്തിലും പടിഞ്ഞാറെക്കരയിലുള്ള കെട്ടുരുപ്പടികളെ കൊല്ലം മുക്കിൽ നിന്നും സ്വീകരിച്ച് ആനയിച്ചു.തുടർന്ന് കെട്ടുകാഴ്ച്ചകൾ അണിനിരന്നു . വർഷത്തിൽ ഒരിക്കൽ ക്ഷേത്രത്തിൽ നടക്കുന്ന പിള്ളവയ്പ്പ് ചടങ്ങും വർഷത്തിൽ രണ്ടുതവണ മാത്രം നടക്കുന്ന ഇടിച്ചുപിഴിഞ്ഞ പായസം വഴിപാടും നടന്നു. ചിങ്ങമാസത്തിലെ തിരുവോണം നാളിലും മീനമാസത്തിലെ രോഹിണി നാളിലും മാത്രമാണ് ക്ഷേത്രത്തിൽ ഇടിച്ചുപിഴിഞ്ഞപായസം നൽകുന്നത്. സന്താന ലബ്ധിക്കായാണ് ഭക്തർ ക്ഷേത്രത്തിൽ ലോഹത്തിലോ, കല്ലിലോ നിർമ്മിക്കുന്ന ആൾരൂപങ്ങൾ സമർപ്പിക്കുന്ന പിള്ളവയ്പ്പ് വഴിപാട് നടത്തുന്നത്. പള്ളിവേട്ട ദിവസമായ ഇന്ന് രാത്രി 10 .30 ന് മേജർസെറ്റ് പഞ്ചാരിമേളം, 5 ന് കാഴ്ചശ്രീബലി എഴുന്നെള്ളത്ത്. വേലകളി, 12 ന് പള്ളിവേട്ട പുറപ്പാട്, 1 ന് പള്ളിവേട്ട വരവ് എന്നിവ നടക്കും.