പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരനെതിരെ മുന്നാക്ക കമ്മിഷൻ അംഗവും സി.പി.എം സഹയാത്രികനുമായ എ.ജി.ഉണ്ണികൃഷ്ണന്റെ ഫേസ് ബുക്ക് കുറിപ്പ്. ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതം വിനിയോഗിക്കുന്നതിൽ 14 -ാംസ്ഥാനത്താണ് പത്തനംതിട്ട ജില്ലാ പഞ്ചായത്തെന്നാണ് ഉണ്ണിക്കൃഷ്ണന്റെ ആക്ഷേപം. ജനക്ഷേമകരമായി പദ്ധതികൾക്ക് രൂപം നൽകി നടപ്പിലാക്കുന്നതിൽ ജില്ലാ പഞ്ചായത്ത് ഒരിഞ്ച് മുന്നോട്ടുപോയില്ല എന്നും എഫ്.ബി പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു. പ്രസിഡന്റിന്റെ എകാധിപത്യവും ഉദ്യോഗ ഭരണവുമാണ് ഇപ്പോൾ നടക്കുന്നതെന്നും അംഗങ്ങൾ വെറും കാഴ്ചക്കാർ എന്നും പരാമർശം ഉണ്ട്. അര മീറ്റർ റോഡ് ടാർ ചെയ്തതിന്റെയും വെണ്ടകൃഷിയുടെയും ഉദ്ഘാടനവും ഫ്ളക്സ് ബോർഡും നെടുങ്കൻ പ്രസംഗവും ശില്പശാലയും മാത്രമാണ് ഇപ്പോൾ ജില്ലാപഞ്ചായത്തിൽ നടക്കുന്നതെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തുന്നു. ജനക്ഷേമപദ്ധതികൾ എങ്ങനെ നടപ്പിലാക്കാമെന്നു ചിന്തിക്കുന്നതിനു പകരം നിയമവും ചട്ടവും അനാവശ്യ തടസങ്ങളുമുന്നയിച്ച് നടപ്പിലാക്കാൻ ബാദ്ധ്യതപ്പെട്ടവർ തടസം നിൽക്കുകയാണ് എന്ന പരാമർശവുമുണ്ട്.