ഒാമല്ലൂർ: ഒാമല്ലൂർ എന്ന പേരും അതിന്റെ പെരുമയും ജില്ലയും കടന്ന് മലയാളികൾക്കല്ലാം അറിയാം. ഒാമല്ലൂർ വയൽവാണിഭമാണ് നാടിനെ പ്രശസ്തമാക്കിയത്. പക്ഷെ, പേര് വളർന്നതുപോലെ നാട് വളർന്നോ എന്ന ചോദ്യം ബാക്കിയുണ്ട്. വികസനത്തിൽ ഒാമല്ലൂരിന് ഇനിയും മുന്നേറാനുണ്ട്.
മാലിന്യസംസ്കരണ പ്ളാന്റ്
സ്വച്ഛ് ഭാരത് മിഷനിൽ ഉൾപ്പെടുത്തി ജില്ലാ ശുചിത്വമിഷൻ 2020ൽ നിർമ്മാണം പൂർത്തീകരിച്ച തുമ്പൂർമൂഴി മാതൃകയിലെ മാലിന്യ സംസ്കരണ പ്ളാന്റ് ഇതുവരെ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞില്ല. പ്ലാന്റിൽ സംസ്കരിക്കാനായി കൊണ്ടുവന്ന മാലിന്യം നിറച്ച ചാക്കുകൾ പരിസരമാകെ കുന്നുകൂടി കിടക്കുന്നു. പഞ്ചായത്ത് ഒാഫീസിന് പിന്നിൽ മാർക്കറ്റിനുള്ളിലാണ് പ്ളാന്റ് നിർമ്മിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനായി ശിലാഫലകം വരെ സ്ഥാപിച്ചതാണ്. രണ്ട് വർഷമായി വെറുതേ കിടക്കുന്ന പ്ളാന്റിലെ യന്ത്രങ്ങൾ തുരുമ്പെടുത്തു. അടുത്തിടെയുണ്ടായ കനത്തമഴയിൽ അച്ചൻകോവിലാറ് നിറഞ്ഞൊഴുകി പ്ളാന്റിലേക്ക് ചെളിവെള്ളം കയറിയിരുന്നു. 4.34 ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച പ്ളാന്റാണ് നശിച്ചുകിടക്കുന്നത്. ദിവസവും ആയിരം കിലോയോളം മാലിന്യം ഇവിടെ സംസ്കരിക്കാൻ കഴിയുമായിരുന്നു. പഞ്ചായത്തിലെ പല വാർഡുകളിൽ നിന്ന് ഹരിതകർമ്മ സേന സംഭരിച്ച മാലിന്യമാണ് പ്ളാന്റ് ചുറ്റുവട്ടത്തായി കൂട്ടിയിട്ടിരിക്കുന്നത്.
അറവുശാല
മാർക്കറ്റിനുള്ളിൽ ആധുനിക അറവുശാലയുടെ നിർമ്മാണം 80 ശതമാനം പൂർത്തീകരിച്ചിട്ട് പത്ത് വർഷത്തോളമാകുന്നു. പ്ളംബിംഗ്, ഇലക്ട്രിക് ജോലികൾ ബാക്കിയുള്ളപ്പോഴാണ് പണികൾ നിലച്ചത്. 35ലക്ഷത്തിന്റെ പദ്ധതിയിൽ 25ലക്ഷവും ചെലവാക്കി. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ അറവുശാലയിൽ വെള്ളം കയറി.
പൊതുശ്മശാനം
പഞ്ചായത്തിൽ പൊതുശ്മശാനം വേണമെന്ന ആവശ്യത്തിന് പഞ്ചായത്ത് രൂപീകരണത്തോളം പഴക്കമുണ്ട്. മുൻപ് ചില
കോളനി നിവാസികൾ മൃതദേഹം അടുക്കളയിലും മുറ്റത്തും സംസ്‌കരിച്ചപ്പോൾ പൊതുശ്മശാനം എന്ന് ആവശ്യം ശക്തമായതാണ്.
പണിതീരാതെ മുള്ളനിക്കാട് റോഡ്
ഒാമല്ലൂർ മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് മുള്ളനിക്കാട്ടേക്കുള്ള റോഡിന്റെയും കലുങ്കിന്റെയും നിർമ്മാണം തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. അശാസ്ത്രീയമായ കലുങ്ക് നിർമ്മാണം കാരണം മർക്കറ്റിനോട് ചേർന്ന കടകളിൽ വെള്ളം കയറുന്നു. ഇൗ ഭാഗത്ത് ഒാട നിർമ്മിക്കാതെ കലുങ്ക് നിർമ്മാണം അവസാനിപ്പിച്ചതാണ് വ്യാപാരികൾക്ക് ദുരിതമായത്.
---------------------
'' മാലിന്യ പ്ളാന്റ് പ്രവർത്തിപ്പിക്കാൻ നടപടി വേണം. അറവുശാല നിർമ്മാണം പൂർത്തിയാക്കണം. പൊതുശ്മശാനമില്ലാത്തത് കാരണം കോളനി നിവാസികൾക്ക് മൃതദേഹം സംസ്കരിക്കാൻ ഇടമില്ലാതായിരിക്കുന്നു.
ആർ. രവി, പാറയടിയിൽ, പന്ന്യാലി