njavarathode
ജില്ലാ സ്റ്റേഡിയത്തിന് സമീപത്തെ ഞവരത്തോട് നവീകരിക്കുന്നു

പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഞവരത്തോട് ശുചീകരണം തുടങ്ങി. സ്റ്റേഡിയത്തിൽ ക്രിക്കറ്റ് നെറ്റ് പ്രാക്ടീസിന് സമീപത്തുനിന്നാണ് ഹിറ്റാച്ചി ഉപയോഗിച്ച് തോട് ശുചീകരിക്കുന്നത്. മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച തോടിനെ വീണ്ടെടുക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്. മണ്ണ് നിറഞ്ഞ് പുല്ല് കിളിർത്തതിനാൽ തോട് തെളിഞ്ഞു കാണാനാകാത്ത സ്ഥിതിയായിരുന്നു.

ഞവരത്തോട്ടിൽ ഒന്നര മീറ്റർ താഴ്ചയിൽ കുഴിയെടുത്ത് വെള്ളം തൊട്ടടുത്ത കൊറ്റംകോട് തോട്ടിലെത്തിച്ച് കണ്ണങ്കര തോട് വഴി അച്ചൻകോവിലാറ്റിൽ എത്തിക്കും. ഞവരത്തോടിന് ഒരു കിലോമീറ്റർ അകലെയാണ് അച്ചൻകോവിലാറ്. കല്ലട ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ മൈനർ ഇറിഗേഷൻ വിഭാഗം നഗരസഭയുമായി ചേർന്നാണ് തോട് നവീകരിക്കുന്നത്.

ജലസേചന വകുപ്പിന്റെ ഇനി ഞാൻ ഒഴുകട്ടെ എന്ന പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ നഗരത്തിലെ തോടുകൾ നവീകരിച്ചു വരികയാണ്. വലഞ്ചുഴി കടവിലാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. ജില്ലയിൽ പദ്ധതി ഏറ്റെടുത്ത ഏക തദ്ദേശ സ്ഥാപനമാണ് പത്തനംതിട്ട നഗരസഭ.

ഞവരത്തോട് നവീകരിക്കുന്നതോടെ ജില്ലാ സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് ഒഴിവാകുന്നതിനുള്ള മാർഗം തെളിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ പറ‌ഞ്ഞു. മഴ ശക്തിപ്രാപിക്കുന്നതിന് മുൻപ് നഗരത്തിലെ തോടുകൾ മുഴുവൻ ശുചീകരിക്കും.