ചെങ്ങന്നൂർ : വർക്കല ശിവഗിരിയിലെ വിവാഹ സ്ഥലത്ത് നി​ന്ന് 130 കിലോമീറ്റർ യാത്രചെയ്ത് റാന്നിയിലെത്തി പരീക്ഷ എഴുതി​യ സന്തോഷത്തി​ലാണ് ഐശ്വര്യ. കീഴ്‌ച്ചേരിമേൽ ഊടാകുളത്തിൽ ഐശ്വര്യ ഭവനിൽ മോഹനൻ - രമ ദമ്പതികളുടെ മകളാണ്. വർക്കല ശിവഗിരി ഗോകുലം വീട്ടിൽ വിഷ്ണുവുമായി ഇന്നലെ രാവിലെ ഒൻപതിനായിരുന്നു വിവാഹം. റാന്നി ഇടക്കുളം മാർത്തോമാ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജിലെ നാലാം സെമസ്റ്റർ വിദ്യാർത്ഥിനിയാണ് ഐശ്വര്യ. വിവാഹശേഷം വരനും വധുവും പരീക്ഷാ ഹാളിലേക്ക് കാറിൽ പുറപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് പരീക്ഷാഹാളിലെത്തി. തിരികെ വൈകിട്ട് അഞ്ചു മണിയോടെ ഭർതൃഗൃഹത്തിലുമെത്തി.