തിരുവല്ല: കതിരുവന്ന നെൽച്ചെടികൾ വെള്ളത്തിലായതോടെ അപ്പർകുട്ടനാട്ടിലെ കർഷകർ ആശങ്കയിലായി. തുടർച്ചയായ കൃഷിനാശം മൂലം നഷ്ടം നേരിടുന്നവരാണ് ഇവിടെയുള്ള കർഷകർ.
വേനൽമഴയാണ് ഇത്തവണ കർഷകരെ ചതിച്ചത്. കനത്തമഴയിലും കാറ്റിലും മിക്ക പാടശേഖരങ്ങളിലെയും നെൽച്ചെടികൾ വെള്ളത്തിൽ വീണുപോയി. പത്തനംതിട്ട ജില്ലയിലെ നെല്ലുത്പാദനത്തിന്റെ 70 ശതമാനവും പെരിങ്ങര, കടപ്ര, നിരണം, നെടുമ്പ്രം, കുറ്റൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന അപ്പർകുട്ടനാട് മേഖലയിലാണ്. പ്രളയക്കെടുതിയിലായിരുന്നതിനാൽ ഇത്തവണ കൃഷി താമസിച്ചാണ് തുടങ്ങിയത്. സാധാരണനിലയിൽ ഒക്ടോബറിൽ ആരംഭിക്കേണ്ട വിത്തുവിതയ്ക്കൽ ഇത്തവണ പൂർത്തിയായത് ജനുവരിയിലാണ്. 90 ദിവസംകൊണ്ട് പാകമാകുന്ന മണിരത്നം വിത്ത് പലയിടത്തും പരീക്ഷിച്ചിരുന്നു. വിളവെത്താൻ 120 മുതൽ 125 ദിവസം വരെ വേണ്ടിവരുന്ന വിത്തുകളായ ജ്യോതിയും ഉമയും വിതച്ച കർഷകരും ഏറെയുണ്ട്.
മൂന്നുമാസമാകുന്നതിന് മുമ്പാണ് മഴയെത്തിയത്. പെരിങ്ങര പഞ്ചായത്തിലാണ് നെൽകർഷകരിൽ ഭൂരിഭാഗവും. ഏപ്രിൽ അവസാനത്തോടെ കൊയ്ത്ത് നടത്താനിരുന്നതാണ്. തിങ്കളാഴ്ച കൊയ്ത്തു തുടങ്ങാനിരുന്ന വേങ്ങൽ പാടത്തും മഴവെള്ളം കെട്ടിക്കിടക്കുകയാണ്. അഞ്ചടിവേളൂർ മുണ്ടകം, പടവിനകം എ, ബി എന്നീ പാടങ്ങളിലും ഈമാസം 18ന് കൊയ്ത്ത് തുടങ്ങാൻ പാടശേഖരസമിതി തീരുമാനിച്ചിരുന്നതാണ്.
ഈമാസം 18ന് കൊയ്ത്തുനടത്താൻ യന്ത്രം ഏർപ്പാടാക്കിയതാണ്. മഴ കനത്തതോടെ കൃഷി നഷ്ടമാകുന്ന സ്ഥിതിയാണ്. കൊയ്ത്തു നടത്താൻ ബുദ്ധിമുട്ടാകും.
നാരായണൻ മണലിൽ
പടവിനകം പാടത്തെ കർഷകൻ
--------------
ജില്ലയിലെ നെല്ലുത്പാദനത്തിന്റെ 70 ശതമാനവും അപ്പർകുട്ടനാട്ടിൽ